കെ.പി.സി.സി പ്രസിഡന്റാകാന്‍ തയാറെന്ന് സുധാകരന്‍; എതിര്‍പാളയത്തില്‍ പുകച്ചില്‍
കണ്ണൂര്‍: സംസ്ഥാന കോണ്‍ഗ്രസിന്റെ ചുക്കാന്‍പിടിക്കാന്‍ തയാറാണെന്ന കെ. സുധാകരന്റെ നിലപാടിനെതിരേ എതിര്‍ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. സുധീരന്‍ രാജിവച്ചതിനുശേഷം കെ.പി.സി.സി പ്രസിഡന്റിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.
ചെറുപ്പക്കാരില്‍ ആവേശമുണര്‍ത്താന്‍ കഴിയുന്ന നേതൃത്വം വരണമെന്നാണ് സുധാകരന്റെ അഭിപ്രായം. താല്‍കാലിക പ്രസിഡന്റായാല്‍പോലും സമവായത്തിലൂടെയാണ് നിശ്ചയിക്കേണ്ടത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വെല്ലുവിളികളും മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നയാളാകണം പ്രസിഡന്റെന്നും സുധാകരന്‍ വ്യക്തമാക്കി. ഗള്‍ഫിലടക്കം സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന സുധാകര ബ്രിഗേഡ് നേരത്തേതന്നെ കെ.സുധാകരന് വേണ്ടി രംഗത്തെത്തിയിരുന്നു. നിലവിലുള്ള കെ.പി.സി.സി നേതൃത്വത്തിന് സമരവീര്യമില്ലെന്ന് സുധാകരന്‍ നേരത്തേ തുറന്നടിച്ചിരുന്നു. വി.എം സുധീരനെ ലക്ഷ്യമാക്കിയാണ് വിശാല ഐ പാളയത്തില്‍ നിന്ന് സുധാകരന്‍ ഒളിയമ്പ് എയ്തത്. എന്നാല്‍, സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനാകുന്നത് തടയാന്‍ ജില്ലയിലെ എ വിഭാഗം കരുനീക്കം തുടങ്ങിക്കഴിഞ്ഞു. മുന്‍മന്ത്രി കെ.സി ജോസഫിനെ ഉയര്‍ത്തിക്കാട്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഉമ്മന്‍ചാണ്ടി അധ്യക്ഷ സ്ഥാനത്തു വരുന്നില്ലെങ്കില്‍ കെ.സിയെ തല്‍സ്ഥാനത്തുകൊണ്ടുവരണമെന്നാണ് എ വിഭാഗത്തിന്റെ ആവശ്യം. സതീശന്‍ പാച്ചേനിയെ എ ഗ്രൂപ്പില്‍ നിന്ന് അടര്‍ത്തിമാറ്റി കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ മല്‍സരിപ്പിക്കുകയും തോറ്റപ്പോള്‍ ജില്ലാകോണ്‍ഗ്രസ് അധ്യക്ഷനാക്കുകയും ചെയ്തതിന്റെ രോഷം ഇപ്പോഴും എ ഗ്രൂപ്പിനുണ്ട്. കണ്ണൂര്‍ കോര്‍പറേഷനിലെ ഭരണനഷ്ടം, ചിറക്കല്‍ രാജാസിനായുള്ള പണപ്പിരിവ്, കെ.പി രാഗേഷിന്റെ കൂറുമാറ്റം തുടങ്ങി ഒട്ടേറെ ആരോപണങ്ങളുമായാണ് ഇവര്‍ സുധാകരനെ പ്രതിരോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."