പത്താഴക്കുണ്ട് മുതല്‍ മിണാലൂര്‍ വരെ ജലയാത്ര: ഫലവൃക്ഷ തൈകള്‍ നട്ടു
വടക്കാഞ്ചേരി: മിണാലൂര്‍ ഗ്രീന്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പത്താഴകുണ്ട് ഡാം മുതല്‍ മിണാലൂര്‍ വരെയുള്ള നീരോട്ടത്തിന്റെ വേരുകളും നോവുകളും മുറിവുകളറിയുവാനും നഷ്ടപെട്ടതെല്ലാം തിരിച്ചുപിടിക്കാനുമുള്ള 'ജലയാത്ര' സംഘടിപ്പിച്ചു.
പത്താഴകുണ്ട് ഡാമില്‍ നിന്നും രാവിലെ ഏഴിനു തുടക്കമിട്ട യാത്ര വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ ഉദ്ഘാടനം ചെയ്തു. തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍ കുമാര്‍ (മോനി) അധ്യക്ഷനായി. കെ ശ്രീകുമാര്‍ , എസ് കവിത, പി.ആര്‍ സൂര്യദേവ്, സജിത് സത്യന്‍ സംസാരിച്ചു. തുടര്‍ന്നു വൃക്ഷമിത്ര അവാര്‍ഡ് ജേതാവ് മിണാലൂര്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഡാം പരിസരത്തു ഫലവൃക്ഷതൈകളും നട്ടു.
പിന്നീടു ജല ഞരമ്പുകളുടെ താളമറിഞ്ഞു കണ്ടെത്തലുകളും പ്രതിവിധികളുമായി പ്രകൃതിയുടെ വീശറികളുമായി 60 ഓളം വരുന്ന ഗ്രീന്‍ ട്രസ്റ്റ് അംഗങ്ങള്‍ നീര്‍ചാലിലൂടെ യാത്ര ആരംഭിച്ചു.
പത്താഴകുണ്ട് ഡാം മുതല്‍ മിണാലൂര്‍ വരെയുള്ള നീര്‍ച്ചാലുകള്‍ യാത്രാസംഘം ജി.ഐ.എസില്‍ രേഖപ്പെടുത്തി.
ജലസംഭരണിയായ ചീപ് ചിറയില്‍ നിന്നും മിണാലൂരിലേക്കുള്ള യാത്രാമധ്യേ കനാലിലും തോടുകളിലും വ്യാപകമായ പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യകുപ്പികളും നിക്ഷേപിക്കുന്നതായി കണ്ടെത്തി.
യാത്ര മിണാലൂര്‍ ഗ്രാമീണ വായനശാലയില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമാപന സമ്മേളനം ചെറുകിട ജലസേചന വിഭാഗം അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.ശ്രീകുമാര്‍ അധ്യക്ഷനായി. ജലസേചന വകുപ്പ് (മേജര്‍) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഐ.കെ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രീന്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണു ജലയാത്ര നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."