ലൈഫ്മിഷന്‍ രണ്ടാം ഘട്ടം അപേക്ഷകര്‍ 30നകം കരാര്‍ ഒപ്പിടണം: ജില്ലാ കലക്ടര്‍
പാലക്കാട്: ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തില്‍ വീടിന് അപേക്ഷ നല്‍കിയവര്‍ മെയ് 30നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കരാര്‍ ഒപ്പിട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബു നിര്‍ദേശിച്ചു. വീടിന് അര്‍ഹരായവരുടെ അന്തിമ പട്ടിക പഞ്ചായത്തുകളും നഗരസഭകളും മെയ് 15നകം സമര്‍പ്പിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം.
ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള 8,605 വീടുകളില്‍ 4,596 വീടുകളാണ് പൂര്‍ത്തിയായത്. ബാക്കിയുള്ളവ മെയ് 31നകം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ 32,330. ഭൂമിയുള്ള ഭവനരഹിതര്‍ 21,471 അടക്കം ആകെ 53,801 പേരാണ് 2018-19 ല്‍ വീടിനായി അപേക്ഷിച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് അര്‍ഹതയില്ലാത്തവരെ ഒഴിവാക്കി അന്തിമ പട്ടിക തയാറാക്കി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 22നകം കെട്ടിടാനുമതി ലഭ്യമാക്കണം.
എങ്കില്‍ മാത്രമെ മെയ് 30നകം കരാര്‍ നല്‍കാന്‍ അപേക്ഷകര്‍ക്ക് കഴിയുകയുള്ളുവെന്നും കലക്ടര്‍ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ആദ്യഗഡു അപേക്ഷകര്‍ക്ക് നല്‍കി നിര്‍മാണം തുടങ്ങാനുള്ള രീതിയില്‍ നടപടികള്‍ ഊര്‍ജിതമാക്കണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ടിന്റെ 10 ശതമാനം വരെ തുക ചെലവഴിക്കാം. അപേക്ഷകര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളാകണം. ഇവര്‍ക്ക് 90 തൊഴില്‍ ദിനങ്ങള്‍ വീടു നിര്‍മാണത്തിനായി ലഭിക്കും. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് വൈദ്യുതി,വെള്ളം, ഗ്യാസ് കണക്ഷന്‍ എന്നിവ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുക്കാനും നിര്‍ദേശിച്ചു.
വീടുപണിക്കാവശ്യമായ നിര്‍മാണ സാമഗ്രികളായ സിമന്റുകട്ട, ജനല്‍, കട്ടിളകള്‍ എന്നിവയുടെ നിര്‍മാണ യൂനിറ്റുകള്‍ ബ്ലോക്ക് തലത്തില്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതിനായി നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വീടുനിര്‍മാണത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയും നിര്‍മാണ സാമഗ്രികള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ് യൂനിറ്റുകള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നത് വഴി ലൈഫ്മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കലക്ടര്‍ പറഞ്ഞു. ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം. ഗിരീഷ് , ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജ്‌മോഹന്‍, ദാരിദ്ര്യനിര്‍മാര്‍ജന വിഭാഗം പ്രൊജക്ട് ഡയരടര്‍ പി.സി ബാലഗോപാല്‍, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."