കാണാവകാശമായി ഭൂമി കൈവശം വക്കുന്നവര്‍ വായ്പക്ക് അപേക്ഷിക്കുമ്പോള്‍ ക്രയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍
വടക്കാഞ്ചേരി: കാണാവകാശമായി ഭൂമി കൈവശം വച്ചു വരുന്നവര്‍ വായ്പക്കും മറ്റുമായി അപേക്ഷിക്കുമ്പോള്‍ ക്രയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്.
ക്രയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തതിനാല്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകളടക്കമുളള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സാഹചര്യത്തിലാണു ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പഴയ കൊച്ചി രാജ്യാതിര്‍ത്തിയില്‍ ഉണ്ടായിരുന്ന എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഭൂരിഭാഗം ഭൂമികളും ദേവസ്വങ്ങളുടെയും പഴയ ജന്മികളുടെയും ഉടമസ്ഥതയിലായിരുന്നു.
1976ലെ ഭൂപരിഷ്‌കരണ നിയമത്തോടെ കാണാവകാശമായി ഭൂമി കൈവശം വച്ചിരുന്ന കുടിയാന്‍മാര്‍ക്കു പ്രസ്തുത ഭൂമിയില്‍ പൂര്‍ണമായ ഉടമസ്ഥാവകാശം ലഭിച്ചെങ്കിലും ഭൂമി പണയപ്പെടുത്തി വായ്പയെടുക്കുന്നതിനും വില്‍പന നടത്തുമ്പോഴും അടിസ്ഥാന രേഖയായ ക്രയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കാണം ജന്മാവകാശമായി മാറ്റുന്നതിനു നിരവധി അപേക്ഷകള്‍ അതാതു താലൂക്കുകളിലെ കാണം സെറ്റില്‍മെന്റ് ഓഫിസുകളില്‍ കുന്നുകൂടി.
ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ സര്‍ക്കാരിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സര്‍ക്കാരിനു വേണ്ടി അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഉ 75618 നമ്പര്‍ ആയി പുതിയ ഉത്തരവു ഇറക്കിയത്. കാണാവകാശമായി ഭൂമി കൈവശം വച്ചിരിക്കുന്ന എല്ലാ കുടിയാന്‍മാര്‍ക്കും ജന്മാവകാശവും പൂര്‍ണമായ ഉടമസ്ഥാവകാശവും ഉറപ്പു വരുത്തിയിട്ടുള്ളതിനാല്‍ പ്രത്യേകമായി ക്രയ സര്‍ട്ടിഫിക്കറ്റു ഹാജരാക്കേണ്ടതില്ലെന്നു ഉത്തരവില്‍ വ്യക്തമാക്കുന്നു.
കാണം, ജന്മം തര്‍ക്കത്തില്‍ കുടുങ്ങിയ ആയിരകണക്കിനു പേര്‍ക്കു പുതിയ സര്‍ക്കാര്‍ ഉത്തരവു ആശ്വാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."