മായാവതിയുടെ ആരോപണം ഗൗരവമേറിയത്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബി.എസ്.പി നേതാവ് മായാവതി ഉയര്‍ത്തിയ ആരോപണം വോട്ടിങ് യന്ത്രത്തിന്റെ സുതാര്യത സംബന്ധിച്ച് വിവാദത്തിന് വഴിവയ്ക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തിയതിനാലാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ജയിച്ചതെന്നും വോട്ടര്‍മാര്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കല്ല വോട്ട് ലഭിച്ചതെന്നുമാണ് മായാവതിയുടെ ആരോപണം. മായാവതിയുടെ ആരോപണത്തെ പിന്തുണച്ച എസ്.പി നേതാവ് അഖിലേഷ് യാദവ്, ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം സുതാര്യത ഇല്ലാത്തതിനാലും എളുപ്പത്തില്‍ കൃത്രിമത്വം കാണിക്കാന്‍ കഴിയുന്നതിനാലും നിരവധി രാജ്യങ്ങള്‍ ഒഴിവാക്കിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം എന്ന സംവിധാനമാണ് ഇപ്പോഴും ഇന്ത്യയില്‍ തുടരുന്നതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. വോട്ടിങ് യന്ത്രം ഇന്ത്യയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായെങ്കിലും അതിന്റെ സുരക്ഷയും സുതാര്യതയും സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. നെതര്‍ലന്‍ഡ്, ഇറ്റലി, വെനീസ്വല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ വോട്ടിങ് യന്ത്രം നിരോധിച്ചിട്ടുണ്ട്.
ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ് ജര്‍മനി യന്ത്രം നിരോധിച്ചത്. ഇംഗ്ലണ്ട്, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ ഇതുവരെ വോട്ടിങ് യന്ത്രം ഉപയോഗിച്ചിട്ടില്ല. അമേരിക്കയില്‍ കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള നിരവധി സ്റ്റേറ്റുകളില്‍ യന്ത്രം നിരോധിച്ചിട്ടുണ്ട്.
പാകിസ്താനിലും വോട്ടിങ് യന്ത്രത്തെ കുറിച്ച് നിരവധി പരാതികളുയര്‍ന്നിരുന്നു. ഇതിനൊടുവില്‍ യന്ത്രത്തില്‍ കൃത്രിമത്വം നടത്താന്‍ കഴിയുമെന്നു പാക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്മതിച്ചു.
വോട്ടിങ് യന്ത്രം വളരെയെളുപ്പത്തില്‍ കൃത്രിമത്വം കാണിക്കാന്‍ കഴിയുമെന്ന് നേരത്തെ ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ ഡോ. സുബ്രഹമണ്യം സ്വാമിയും ആരോപിച്ചിരുന്നു.
എളുപ്പത്തില്‍ പ്രോഗ്രാമുകളില്‍ മാറ്റംവരുത്തി വോട്ടിങ് യന്ത്രം ഹാക്ക്‌ചെയ്യാമെന്നാണ് ഉയരുന്ന പ്രധാന ആരോപണം. വോട്ടറുടെ മുഴുവന്‍ വിവരങ്ങളും യന്ത്രംമുഖേന ലഭിക്കാനാവും.
ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കരുതിയാല്‍ യന്ത്രത്തില്‍ കൃത്രിമത്വം കാണിക്കാം. യന്ത്രത്തിനുള്ളിലെ സോഫ്റ്റ്‌വെയറിലും മാറ്റംവരുത്താനാവും. 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് കാലത്ത് രണ്ടുലക്ഷത്തിലേറെ ഭൂരിപക്ഷത്തിനു ജയിച്ച രാജ്‌നാഥ് സിങ്ങിന്റെ ഫലം ചോദ്യംചെയ്യുന്ന പരാതി തെരഞ്ഞെടുപ്പു കമ്മിഷന് മുന്‍പാകെയുണ്ട്.
നേരത്തെ എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളും ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു. അടുത്തിടെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ആരോപണം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."