തീരദേശപരിപാലന നിയമത്തില്‍ മാറ്റം വരുത്തണം: മത്സ്യത്തൊഴിലാളി ഫെഡറേഷന്‍
കൊച്ചി: തീരദേശപരിപാലന നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തണമെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന ശില്‍പശാല കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ തീരദേശപരിപാലന നിയമമനുസരിച്ച് 500 മീറ്റര്‍ ദൂരപരിധിയില്‍ നിര്‍മാണപ്രവര്‍ത്തനം സാധ്യമല്ല.
നിയമത്തില്‍ സമഗ്രമായ മാറ്റം ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം നടത്തിയെങ്കിലും അധികാരികള്‍ അവഗണന തുടരുകയാണെന്ന് ശില്‍പശാലയില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
എറണാകുളം ആശിര്‍ഭവനില്‍ ആരംഭിച്ച ശില്‍പ്പശാല എസ് ശര്‍മ എം.എല്‍.എ ഉദ്ഘാടനംചെയ്തു. വനാവകാശ നിയമത്തിന്റെ മാതൃകയില്‍ കടലിന്റെ ഉടമസ്ഥാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള നിയമം വേണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ്പ്രസിഡന്റ് പി.കെ കറുപ്പന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.പി ചിത്തരഞ്ജന്‍, സെക്രട്ടറി കെ.സി രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രാവിലെ പത്തിന് 'സംഘടന' വിഷയത്തില്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അവതരണം നടത്തും. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ചിത്തരഞ്ജന്‍ ഭാവി പ്രവര്‍ത്തനരേഖ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."