ഡോക്ടര്‍മാരുടെ ഒളിച്ചു കളി: കാത്തിരുന്ന് വേരിറങ്ങി രോഗികള്‍
തലശ്ശേരി: ആദിവാസി മേഖലകളില്‍ നിന്നടക്കം ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന തലശ്ശേരി ജനറലാശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഒളിച്ചു കളിക്കുന്നതായി രോഗികളുടെ പരാതി. ഡോകര്‍മാരെ കാണാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. മലയോര മേ്ഖലകളില്‍ നിന്നടക്കം രാവിലെ മുതല്‍ എത്തിയ രോഗികള്‍ ഡോക്ടര്‍മാരെ കാണാന്‍ സാധിക്കാതെ തിരിച്ച് പോകേണ്ട അവസ്ഥയും സംജാതമായതോടെ ജനം ആശുപത്രി ഒ.പി മുറികളില്‍ വീര്‍പ്പുമുട്ടി. അതിനിടെ കാത്തിരുന്ന രോഗികളില്‍ രണ്ട് പേര്‍ തല കറങ്ങി വീഴുകയും ചെയ്തതോടെ ജനങ്ങളുടെ പ്രതിഷേധം ഇരട്ടിക്കുകയായിരുന്നു. പതിനൊന്നോളം വിഭാഗങ്ങളുടെ ഒ.പി.മുറികള്‍ക്ക് മുന്നില്‍ രാവിലെ എട്ടോടെ തന്നെ ടോക്കണുകളും വാങ്ങി രോഗികള്‍ വരി നിന്നിരുന്നു. എട്ടു മണി മുതലാണ് ഒ.പി.യില്‍ ഡോക്ടര്‍മാര്‍ എത്തേണ്ടത്. എട്ട് മണി കഴിഞ്ഞ് പിന്നെയും മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചില മുറികളില്‍ ഡോക്ടര്‍മാര്‍ എത്തിയില്ല. കുടിവെള്ളം പോലും ലഭിക്കാത്ത തിരക്കില്‍പെട്ട് രണ്ട് സ്ത്രീകള്‍ മോഹാലസ്യപ്പെട്ട് വീണതോടെ ഒ.പി ഹാളില്‍ കൂട്ടനിലവിളിയും ബഹളവും അക്രോശവുമായി. ഇതിനിടയില്‍ ഒന്ന്, രണ്ട് ഒ.പികളില്‍ മിന്നലു പോലെ ഡോക്ടര്‍മാര്‍ വന്ന് ഏതാനും ടോക്കണുകള്‍ വിളിച്ചു. രോഗികള്‍ രോഗവിവരം മുഴുവനായി പറയുന്നതിന് മുന്‍പെ ചീട്ടെഴുതി ഇറക്കിവിട്ടതായും പരാതിയുണ്ട്. ഇ.എന്‍.ടി, ഓര്‍ത്തോ, സര്‍ജറി വിഭാഗങ്ങളിലെ രോഗികളാണ് ഏറെ വലഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."