രാമന്തളിക്കാരുടെ നീതി നിഷേധിക്കരുത്: സി.ആര്‍ നീലകണ്ഠന്‍
പയ്യന്നൂര്‍: ജനങ്ങളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വമുള്ള നേവല്‍ അധികൃതരും സര്‍ക്കാറുകളും ശുദ്ധജലത്തിനായി സമരം ചെയ്യുന്ന രാമന്തളി ജനതയുടെ നീതി നിഷേധിക്കരുതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍. രാമന്തളി ജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അക്കാദമി ഗെയിറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തല്‍ സന്ദര്‍ശിച്ച് സമരക്കാരെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേവല്‍ അധികൃതര്‍ രാമന്തളി ജനതയോട് കാണിക്കുന്നത് ധിക്കാരപരമായ പെരുമാറ്റമാണ്. ആറായിരം പേരുടെ കക്കൂസ് മാലിന്യങ്ങള്‍ ഒരു പ്രദേശത്തെ കുടിവെള്ളത്തിലേക്ക് ഒഴുക്കിവിടുന്നത് ഒരിക്കലും നീതികരിക്കാനാവില്ല. ജനവാസ കേന്ദ്രത്തില്‍ നിന്നു മാലിന്യപ്ലാന്റ് മാറ്റി സ്ഥാപിക്കുവാനാവശ്യമായ സമ്പത്തും സ്ഥലവും സാങ്കേതികവിദ്യകളും നേവല്‍ അക്കാദമിക്ക് ഉണ്ടെന്നിരിക്കെ പ്രശ്‌നം ലഘൂകരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. അഡ്വ. പി.കെ കുട്ടികൃഷ്ണ പൊതുവാള്‍ അധ്യക്ഷനായി. കെ.പി രാജേന്ദ്രകുമാര്‍, പി.കെ നാരായണന്‍ സംസാരിച്ചു. വൈകുന്നേരം മാനവ സംസ്‌കൃതി തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമരപന്തലില്‍ ഐക്യദാര്‍ഢ്യവുമായെത്തി. ഇ.പി രാജീവന്‍, ടി നാരായണന്‍ നായര്‍, എം പ്രദീപ് കുമാര്‍ സംസാരിച്ചു. തുടര്‍ന്ന് നാടന്‍ പാട്ടുകള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."