സുപ്രിംകോടതിയില്‍ പോകും മുമ്പ്
ഹാരിസണ്‍ മലയാളം കമ്പനി കൈവശം വച്ചിരുന്ന 38,000 ഏക്കര്‍ ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം എറ്റെടുത്തുകൊണ്ട് സ്‌പെഷല്‍ ഓഫിസര്‍ എം.ജി രാജമാണിക്യം പുറപ്പെടുവിച്ച ഉത്തരവ് കഴിഞ്ഞമാസം ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ സുപ്രിംകോടതി യില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ച ത് സന്തോഷമുളവാക്കുന്നതാണ്, നീക്കത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍.
ഹാരിസണ്‍ മലയാളം കമ്പനിക്കെതിരേ സര്‍ക്കാര്‍ നടത്തിയ കേസുകളെല്ലാം തോറ്റു കൊടുക്കുകയായിരുന്നു എന്ന ആക്ഷേപം മറികടക്കാനല്ല ഈ അപ്പീല്‍ എന്ന് വിശ്വസിക്കാം. ഹാരിസണ്‍ കമ്പനി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അതിനായി കഠിനമായ ഗൃഹപാഠം നടത്തേണ്ടിയിരിക്കുന്നു.
സ്വാതന്ത്ര്യം നേടി എഴുപത്തിയൊന്നു വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയുടെ ഭൂമി ബ്രിട്ടിഷുകാരില്‍ നിന്നു തിരികെ പിടിക്കാന്‍ കഴിയാത്ത ഒരവസ്ഥ കണ്ണന്‍ദേവന്‍ ഭൂമിപ്രശ്‌നത്തില്‍ കേരള സര്‍ക്കാര്‍ ഇപ്പോഴും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇന്നും ബ്രിട്ടന്റെ ഭരണകാലത്തെന്ന പോലെ ഇത്തരം കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് എന്തുമാത്രം ലജ്ജാവഹമാണ്. മതിയായ രേഖകളില്ലാതെ ഏകദേശം 5 ലക്ഷം സര്‍ക്കാര്‍ ഭൂമിയാണ് ഇന്ത്യയിലൊട്ടാകെ ബ്രിട്ടന്‍ ബിനാമികളുടെ പേരില്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിന് മൊത്തത്തില്‍ ഗുണകരമായി തീരേണ്ട ഭൂമിയാണ് ഇങ്ങനെ അന്യാധീനപ്പെട്ട് കിടക്കുന്നത്. കേസുകളില്‍ തോറ്റു കൊടുത്തും ഫയലു കള്‍ പൂഴ്ത്തിവച്ചും സ്ഥാപിത താല്‍പര്യക്കാരായ അഴിമതി നൊട്ടി നുണയുന്ന ഉന്നതോദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വഞ്ചിച്ചു കൊണ്ടേയിരിക്കുന്നു. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഇതാണ് അവസ്ഥ.
സ്ഥാപിത താല്‍പര്യക്കാരായ ഉദ്യോഗസ്ഥരും ട്രേഡ് യൂനിയന്‍ നേതാക്കളും ജനപ്രതിനിധികളും കണ്ണന്‍ദേവന്‍ കമ്പനി പോലുള്ള, ഹാരിസണ്‍ കമ്പനി പോലുള്ള കുത്തകകള്‍ക്ക് വേണ്ടി പാദസേവ ചെയ്യുന്നില്ല എന്നാരു കണ്ടു. ഇതുതന്നെയാണ് മുല്ലപ്പെരിയാര്‍ ഡാം കേസിലും നാം കണ്ടുകൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം കേസുകളില്‍ സ്ഥിരമായി സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിനോട് തോറ്റുകൊണ്ടിരിക്കുന്നത് ന്യായവും സത്യവും നമ്മുടെ ഭാഗത്ത് അല്ലാഞ്ഞിട്ടല്ല. നമ്മുടെ ഉദ്യോഗസ്ഥരും നാം കേസ് വാദിക്കുവാന്‍ നിയോഗിക്കുന്ന അഭിഭാഷകരും തമിഴ്‌നാട് സര്‍ക്കാരില്‍നിന്നു പണം വാങ്ങി തോറ്റു കൊടുക്കുകയാണെന്ന പരാതി നേരത്തേയുള്ളതാണ്. ഇതുസംബന്ധച്ച ഒരന്വേഷണവും നടന്നതായി അറിവില്ല. അതിന്റെ തനിയാവര്‍ത്തനങ്ങള്‍ തന്നെയായിരിക്കില്ലേ ഹാരിസണ്‍ കേസിലും നടന്നിരിക്കുക എന്ന് തോന്നിയാല്‍ കുറ്റം പറയാനാകുമോ. 1976 ല്‍കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ് എന്ന വിദേശ കമ്പനിയില്‍ നിന്ന് എസ്റ്റേറ്റുകള്‍ ടാറ്റയ്ക്ക് കൈമാറിയത് കണ്ണന്‍ദേവന്‍ കമ്പനി ഹാജരാക്കിയ വ്യാജ ആധാരം ഉപയോഗിച്ചായിരുന്നു. ഇവിടത്തെ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇതിന് കഴിയുമോ?
ഇതിന്റെ ഒരു മറു കോപ്പിയായിരിക്കാം ഹാരിസണ്‍ കമ്പനിയോട് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരമായി തോറ്റു കൊണ്ടിരിക്കുന്നതിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം അട്ടിമറികള്‍ ധനകാര്യവകപ്പും റവന്യൂ വകുപ്പും അറിയാതെ പോകാന്‍ യാതൊരു സാധ്യതയുമില്ല.അതിനാല്‍ സര്‍ക്കാര്‍ ഹാരിസണ്‍ കമ്പനിക്കെതിരേ സുപ്രിംകോടതിയില്‍ പോകും മുമ്പ് ഹാരിസണ്‍ കമ്പനിയുമായി ബന്ധപ്പെട്ട ട്രേഡ് യൂനിയന്‍ നേതാക്കളുടെയും ഈ കേസ് കൈകാര്യം ചെയ്ത റവന്യു ഉദ്യോഗസ്ഥരുടെയും ധനകാര്യ വകപ്പ് ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കുന്നത് ഉചിതമായിരിക്കും. തോട്ടം മേഖലകളില്‍ ഇവര്‍ക്കൊക്കെ എത്ര ഏക്കര്‍ ഭൂമിയുണ്ടെന്നും സര്‍ക്കാര്‍ അന്വേഷിക്കണം. സര്‍ക്കാരിന്റെ അപ്പീല്‍ നീക്കം സത്യസന്ധമാണെങ്കില്‍. നേരത്തെ സര്‍ക്കാര്‍ ഹാരിസണ്‍ കമ്പനിയുമായുള്ള പല കേസുകളിലും തോറ്റുകൊണ്ടിരുന്നതിന് ഒരു അറുതി ഉണ്ടായത് സ്‌പെഷല്‍ പ്ലീഡറായി സുശീല ഭട്ട് നിയമിതയായതോടെയായിരുന്നു. എന്നാല്‍, ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് അവരെ മാറ്റി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ തയ്യാറാകുമോ? അല്ലെങ്കില്‍ അതൊരു സ്വാഭാവിക മാറ്റമായിരുന്നുവെന്ന് പറഞ്ഞൊഴിയുമോ? റവന്യൂ ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നത് തിരികെ പിടിക്കണമെന്ന് സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍, അപ്പീല്‍ പോകും മുമ്പ് ആദ്യം ചെയ്യേണ്ടത് വിളവ് തിന്നു തീര്‍ക്കുന്ന വേലി ആദ്യം പിഴുതെറിയുക എന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."