കൊടുംവരള്‍ച്ചയിലും തെളിനീര്‍ നല്‍കി നീരുറവകള്‍
കൊടുവള്ളി: പുഴയിലും കിണറിലും മറ്റു പരമ്പരാഗത ജലസ്രോതസുകളിലും വെള്ളം താഴ്ന്ന് നാടൊട്ടും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുമ്പോള്‍ നിലക്കാതെ തെളിനീര്‍ പൊഴിക്കുന്ന നീരുറവകള്‍ നാട്ടുകാര്‍ക്ക് ആശ്വാസമാകുന്നു. കിഴക്കോത്ത് തണ്ണീര്‍കുണ്ട് കുണ്ടില്‍ മസ്ജിദിന് സമീപം തുവ്വക്കുന്ന് മലയുടെ താഴ്‌വാരത്തുള്ള പാറക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് ഉല്‍ഭവിക്കുന്ന നീരുറവ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്കാണ് കുടിനീര് നല്‍കുന്നത്.
കടുത്ത വേനലില്‍ പോലും വറ്റാത്ത ഉറവയില്‍ നിലവില്‍ എട്ടോളം മോട്ടോര്‍ പമ്പുസെറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
പാറകളുള്ളതിനാല്‍ എത്ര ആഴത്തില്‍ കുഴിച്ചാലും കിണറുകളില്‍ വെള്ളം ലഭിക്കാന്‍ പ്രയാസമുള്ള പ്രദേശമാണിത്. സമീപത്തായി ഏതാനും കിണറുകള്‍ ഉണ്ടെങ്കിലും വേനലില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സാഹചര്യമാണ്.
പാറക്കെട്ടിലെ നിലക്കാത്ത ഉറവയാണ് ഈ പ്രദേശത്തുകാരുടെ ഏക ആശ്വാസം. പ്രദേശത്തെ ജലക്ഷാമം നേരിടുന്നതിനുള്ള ഉപാധി എന്ന നിലക്ക് പ്രത്യേക തുക വകയിരുത്തി ജല വിതരണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ഈ ജലസ്രോതസിനെ സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ് കിഴക്കോത്ത് പഞ്ചായത്ത് ഭരണസമിതി.
മടവൂര്‍ പഞ്ചായത്ത് 11ാം-വാര്‍ഡ് ചക്കാലക്കല്‍ മൊടയാനി മീത്തല്‍ പരേതനായ പി.വി.മുഹമ്മദിന്റെ പറമ്പിലെ പാറക്കെട്ടുകളിലെ നീരുറവയാണ് കഴിഞ്ഞ 20 വര്‍ഷത്തോളമായി അഞ്ചോളം കുടുംബങ്ങള്‍ക്ക് ദാഹജലം നല്‍കുന്നത്.
കുന്നിന്‍ പ്രദേശമായ ഇവിടെയുള്ള നീരുറവയില്‍ നിന്ന് 1000 ലിറ്റര്‍ വീതമുള്ള രണ്ട് ടാങ്കുകള്‍ ദിവസവും നിറച്ചാലും ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നുണ്ടെന്നും വേനല്‍കാലത്ത് പോലും ഉറവ നിലക്കാറില്ലെന്നും മുഹമ്മദിന്റെ മക്കളായ ഹാറൂണ്‍, ശരീഫ് എന്നിവര്‍ പറഞ്ഞു. സമീപത്തുള്ള ഏതാനും വീട്ടുകാര്‍ പൈപ്പിട്ട് ഇതില്‍ നിന്നും ദിവസവും വെള്ളമെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."