പട്ടികജാതി വിദ്യാര്‍ഥിനികള്‍ക്ക് പെരുവയലില്‍ പഠനമുറികളൊരുങ്ങുന്നു
മാവൂര്‍: പെരുവയല്‍ പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വീടുകളോടനുബന്ധിച്ച് പഠനമുറികള്‍ ഒരുങ്ങുന്നു.
ദുര്‍ബല വിഭാഗങ്ങളുടെ പഠനിലവാരമുയര്‍ത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 12 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുളള പഠനമുറിക്ക് ഒരു ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിക്കുന്നത്.
11 പഠനമുറികളാണ് ഇത്തവണ നിര്‍മിക്കുന്നത്. വാര്‍ഡുകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 22 പേര്‍ക്കായി 22 ലക്ഷം രൂപ വാര്‍ഷിക പദ്ധതിയില്‍ പഠനമുറികള്‍ക്കായി വകയിരുത്തിയിരുന്നു.
എന്നാല്‍ നോട്ട് പ്രതിസന്ധി മൂലം 11 പേര്‍ ഇത്തവണ നിര്‍മ്മാണം നടത്താനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
അവശേഷിക്കുന്നവയുടെ നിര്‍മാണം ഈ മാസം 31നകം പൂര്‍ത്തിയാകും. പ്ലസ്ടുവിന് മുകളില്‍ പഠനം നടത്തുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നാണ് ഇത്തവണ അപേക്ഷ സ്വീകരിച്ചത്. ഇതില്‍ ഫണ്ടിന്റെ പരിമിതി പരിഗണിച്ച് ഉന്നത പഠനം നടത്തുന്നവരെ മാത്രം ഉള്‍പ്പെടുത്തുകയായിരുന്നു.
പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുപയോഗിച്ച് നിര്‍മ്മിച്ച വീടുകളാണ് പട്ടികജാതി കുടുംബങ്ങള്‍ക്കത്രയുമുള്ളത്. 60 ചതുരശ്ര മീറ്ററില്‍ താഴെ മാത്രമാണ് ഇത്തരം വീടുകളുടെ വിസ്തൃതി.
അതോടൊപ്പം ഭൂരിഭാഗം വീടുകളുടെയും പൂര്‍ണമായ പ്രവൃത്തി പൂര്‍ത്തിയാകാത്ത അവസ്ഥയിലുമാണ്. ഈ സാഹചര്യം പരിഗണിച്ചാണ് പഠനമുറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."