റഫയില്‍ കരയാക്രമണത്തിന് തീയതി കുറിച്ചെന്ന് നെതന്യാഹു; പ്രദേശത്ത് അഭയാര്‍ഥികളായി കഴിയുന്നത് 14 ലക്ഷം പേര്
ജറുസലേം: കെയ്റോയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ റഫയില്‍ കരയുദ്ധം തുടങ്ങുമെന്ന സൂചന നല്കി ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു. റഫ കരയാക്രമണത്തിന് തീയതി കുറിച്ചെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചു. 14 ലക്ഷം ആളുകളാണ് നിലവില്‍ റഫയില്‍ അഭയാര്‍ഥികളായി കഴിയുന്നത്.ഖാന് യൂനിസിലെ പിന്മാറ്റം റഫയില്‍ കരയുദ്ധം തുടങ്ങാനുള്ള മുന്നൊരുക്കമെന്ന ആശങ്ക കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഇസ്റാഈലിന്റെ നീക്കം.
ഇസ്റാഈല്‍ നീക്കങ്ങള്‍ക്കെതിരായ അമേരിക്കയുടെ നിലപാട് പോലും തള്ളിയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. 'ഹമാസിനെതിരെ ജയം കൈവരിക്കണമെങ്കില്‍ റഫ അധിനിവേശം നിര്‍ബന്ധമാണ്. കാരണം അവര്‍ അവിടെയാണുള്ളത്. ഇത് സംഭവിക്കും. അതിനായി തീയതി കുറിച്ചിരിക്കുന്നു' നെതന്യാഹു പറഞ്ഞതായി ഇസ്റാഈല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, അമേരിക്ക, ഖത്തര്‍, ഇസ്റാഈല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പുരോഗതിയൊന്നും ഇല്ലെന്ന് ഹമാസ് പ്രതിനിധി പറഞ്ഞതായി റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ, ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുകയാണ്. തെക്കന്‍, മധ്യ ഗസ്സകളില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ 16പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മധ്യഗസ്സയിലെ മഗാസി അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയില്‍ നടന്ന ആക്രമണത്തില്‍ ഷാദി അബു ഹസൈന് എന്ന ഡോക്ടര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെക്കന്‍ ഗസ്സയിലെ ഖാന് യൂനിസില്‍ ബോംബിട്ട് തകര്‍ത്ത ഒരു കെട്ടിടത്തിനുള്ളില്‍ നിന്ന് ആറ് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."