'സ്വന്തം റിസ്‌കില്‍' ചാടി ജീവന്‍ രക്ഷിക്കാനായില്ലെങ്കിലും ആത്മസംതൃപ്തിയില്‍ റാസിഖ്
എടച്ചേരി: മഹത്തായ കര്‍മം മറന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നോക്കുകുത്തിയായപ്പോള്‍ സ്വന്തം ജീവന് വില കല്‍പ്പിക്കാതെ ആഴങ്ങളിലേക്ക് എടുത്തുചാടി ഒരു ജീവന്‍ രക്ഷിക്കാനായില്ലെങ്കിലും വലിയ സേവനം നടത്തിയ സന്തോഷത്തിലാണ് കളിയാംവെള്ളിയില്‍ റാസിഖ്.
കഴിഞ്ഞ ദിവസം കളിയാംവെള്ളി കനാലില്‍ മുങ്ങിയ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഉറച്ച തീരുമാനവുമായിട്ടായിരുന്നു വടകര പുതുപ്പണം സ്വദേശിയായ നടക്കല്‍ മീത്തല്‍ റാസിഖ് കനാലിലേക്ക് എടുത്തു ചാടിയത്. മിനിറ്റുകളുടെ തിരച്ചിലിനൊടുവില്‍ റാസിഖിന് തിരുവനന്തപുരം സ്വദേശിയായ റിയാസിന്റെ ശരീരം ലഭിക്കുകയും ചെയ്തു. കുറച്ചു നേരത്തെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വെള്ളത്തിലിറങ്ങിയിരുന്നുവെങ്കില്‍ റിയാസിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഈ ചെറുപ്പക്കാരന്‍ ഇപ്പോഴു വിശ്വസിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഓര്‍ക്കാട്ടേരിയിലെ മരമില്ലിലെ ജോലി കഴിഞ്ഞ് തിരിച്ചു പോകാനൊരുങ്ങവെയാണ് റാസിഖ് കനാലില്‍ യുവാവ് വീണ വിവരമറിയുന്നത്. സംഭവസ്ഥലത്തെത്തുമ്പോഴേക്കും ഫയര്‍ഫോഴ്‌സു ം എത്തിയിരുന്നു.
താന്‍ കനാലിലേക്ക് ഇറങ്ങട്ടെയെന്ന് പൊലിസുകാരോട് ചോദിച്ചപ്പോള്‍ 'സ്വന്തം റിസ്‌കില്‍ വേണമെങ്കില്‍ ചാടിക്കോ' എന്നാണത്രെ മറുപടി ലഭിച്ചത്. പിന്നീട് മറ്റൊന്നും ആലോചിക്കാതെ കനാലിലേക്ക് ചാടുകയായിരുന്നു. പൊലിസുകാരുള്‍പ്പെടെ നിരവധി പേര്‍ കരയില്‍ നോക്കിനില്‍ക്കെ സാഹസികമായി കനാലിലേക്ക് എടുത്ത് ചാടിയെങ്കിലും റിയാസിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കാതെ പോയതിലുള്ള വേദനയും ഈ ചെറുപ്പക്കാരനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."