സംസ്ഥാനത്ത് 500 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി: മന്ത്രി
മാനന്തവാടി: സംസ്ഥാനത്തെ 500 പി.എച്ച്.സികള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ, സാമൂഹികനീതി മന്ത്രി കെ.കെ ശൈലജ. മാനന്തവാടി ജില്ലാ ആശുപത്രിയിലെ മള്‍ട്ടി പര്‍പസ് ബ്ലോക്ക് നിര്‍മാണ പ്രവൃത്തി, ഊരുമിത്രം പദ്ധതി, പോഷകാഹാര പുനരധിവാസ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
നിലവില്‍ 170 പി.എച്ച്.സികളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. 170 വീതം ഡോക്ടര്‍മാരുടെയും ലാബ് ടെക്‌നീഷ്യന്‍മാരുടെയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. 80ഓളം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുക, ചികിത്സാ ചെലവ് കുറയ്ക്കുക, ആശുപത്രികള്‍ ഹൈടെക് ആക്കുക എന്നീ ലക്ഷ്യങ്ങളോടെ വിഭാവനം ചെയ്ത ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
സംസ്ഥാനത്ത് നാലായിരത്തിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ജില്ലയില്‍ 127 പുതിയ തസ്തികകളാണ് പുതുതായി ഉണ്ടാക്കിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 35 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. കാത്ത് ലാബ് സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രി ഉപഹാരം നല്‍കി.
ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി ജിതേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, എഡി.എം കെ.എം രാജു, മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിഭാ ശശി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.കെ ശശിധരന്‍ പങ്കെടുത്തു.
നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ യൂനിറ്റില്‍ സജ്ജമാക്കിയ റേഡിയോ തൊറാപ്പി യൂനിറ്റും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ നാടിന് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."