ഫണ്ട് വിനിയോഗം കാര്യക്ഷമമാകുന്നില്ലെന്ന് സി.എന്‍ ജയദേവന്‍ എം.പി
തൃശൂര്‍: ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ഫണ്ട് വിനിയോഗം കാര്യക്ഷമമാകുന്നില്ലെന്ന് സി എന്‍ ജയദേവന്‍ എം.പി. ജനപ്രതിനിധികള്‍ സമര്‍പ്പിക്കുന്ന പദ്ധതികളുടെ നിര്‍വഹണം വൈകുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ മെല്ലേപോക്ക് നയം മൂലമാണെന്ന് സി.എന്‍ ജയദേവന്‍ എം.പി. തൃശൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലിയേക്കര ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരാതികള്‍ കേന്ദ്ര ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം.പി. പറഞ്ഞു. ജനപ്രതിനിധികള്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ വീഴ്ച ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പതിനേഴര കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാക്കി വരുന്ന എം.പി.ഫണ്ട് ഉപയോഗിച്ച് ഒരു കോടി 53 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് 50 ലക്ഷം വകയിരുത്തി. കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജ്, തൃശൂര്‍ സെന്റ് തോമസ് കോളജ് എന്നിവയ്ക്ക് സോളാര്‍ പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തുക അനുവദിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കാണ് കൂടുതല്‍ തുകയും അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 64 ലക്ഷം രൂപയുടെ കംപ്യൂട്ടര്‍ വിതരണം ഉദ്യോഗസ്ഥരുടെ മെല്ലെപോക്കു നയം മൂലം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായിട്ടില്ലെന്നും ജയദേവന്‍ ചൂണ്ടിക്കാട്ടി.
തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 2016 ഫെബ്രുവരി രണ്ടിന് നല്‍കിയ പദ്ധതികളുടെ ടെണ്ടര്‍ കവര്‍ പോലും പൊട്ടിക്കാതെ കളക്ടറുടെ മേശപ്പുറത്താണ്. 65 ലക്ഷം രൂപയുടെ പദ്ധതി നിര്‍ദ്ദേശമായിരുന്നു വിവിധ സ്‌കൂളുകള്‍ക്കുള്ള കംപ്യൂട്ടറുകള്‍.
കെല്‍ട്രോണിന്റെ ടെണ്ടര്‍ പാടില്ലെന്ന കാരണം പറഞ്ഞ് നടപടി വൈകിപ്പിക്കുകയാണ്. ഇപ്പോള്‍ കെല്‍ട്രോണാകാമെന്നാണ് കളക്ടര്‍ പറയുന്നത്. ഏനാമാക്കല്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന സ്റ്റീല്‍ പാലത്തിന്റെ പദ്ധതി ഒരു വര്‍ഷം മുമ്പാണ് സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. 19 ന് ഇതിന്റെ നിര്‍മാണോദ്ഘാടനം നടക്കുമെന്നും എംപി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."