വേലൂര്‍ ചുങ്കം സെന്റര്‍ റോഡ് ശോചനീയാവസ്ഥയില്‍
എരുമപ്പെട്ടി: വേലൂര്‍ ചുങ്കം സെന്ററിലെ റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അമിതഭാരം കയറ്റി വരുന്ന ടോറസ് ടിപ്പര്‍ ലോറികളുടെ നിരന്തര സഞ്ചാരമാണ് റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണം.
വേലൂര്‍ ചുങ്കം പുലിയന്നൂര്‍ റോഡാണ് കുണ്ടും കുഴികളും രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. പ്രദേശത്തെ മെറ്റല്‍ ക്രഷറുകളിലേക്ക് 150 ഓളം ടിപ്പര്‍ ലോറികളാണ് ഇതുവഴി ദിവസവും കടന്നു പോകുന്നത്. മറ്റ് ജില്ലകളില്‍ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്കുള്ള എളുപ്പ മാര്‍ഗ്ഗം കൂടിയായ വേലൂര്‍ ചുങ്കം റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം തകര്‍ന്നു കിടക്കുന്നത്. വയോധികരും ഗര്‍ഭിണികളും ഉള്‍പ്പടെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ ഇതുവഴി പോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്.
രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടം സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റേയും ഗ്രാമ പഞ്ചായത്തിന്റേയും കീഴില്‍ നാലേ മുക്കാല്‍ കിലോമീറ്റര്‍ ദൂരമാണ് വേലൂര്‍ ചുങ്കം പുലിയന്നൂര്‍ റോഡിനുള്ളത്.
അമിതഭാരം കയറ്റിയുള്ള ടിപ്പര്‍ ലോറികളുടെ സഞ്ചാരം നിയന്ത്രിക്കണമെന്നും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും നാട്ടുകാര്‍ അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."