അലക്കുകല്ലിനു വിട; മെഡിക്കല്‍ കോളജില്‍ പവര്‍ ലോന്‍ട്രി സംവിധാനം പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പവര്‍ ലോന്‍ട്രി സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി. ഇന്നലെ മുതല്‍ വസ്ത്രങ്ങള്‍ മെഷീനിലാണ് അലക്കിയത്. പവര്‍ ലോന്‍ട്രി സംവിധാനം മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ്. വസ്ത്രങ്ങള്‍ അലക്കാനും ഉണക്കാനുമുള്ള പ്രയാസങ്ങള്‍ ഇതോടെ അവസാനിക്കും.
60 കിലോയുടേയും 25 കിലോയുടേയും രണ്ടു വാഷറുകളും, രണ്ടു ഡ്രയറുകളും ഇസ്തിരിയിടുന്നതിനുള്ള മെഷീനുമാണു പുതുതായി പ്രവര്‍ത്തനം തുടങ്ങിയത്. ഇതിലൂടെ ഒരു മണിക്കൂറില്‍ 90 വസ്ത്രങ്ങള്‍ അലക്കാനും ഉണക്കാനും സാധിക്കും. മാത്രമല്ല പൂര്‍ണമായും അണുവിമുക്തമാക്കുന്ന രീതിയിലാണ് മെഷീനിന്റെ പ്രവര്‍ത്തനം. അതിനാല്‍ രോഗികള്‍ക്ക് ഇന്‍ഫക്ഷന്‍ പേടിക്കേണ്ടതുമില്ല. നിലവില്‍ ഐ.എം.സി.എച്ചിലേക്കു മാത്രമായാണ് ലോന്‍ട്രി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗൈനക്കോളജി, പീഡിയാട്രിക്‌സ്, പീഡിയാട്രിക്‌സ് സര്‍ജറി എന്നീ മൂന്നു വിഭാഗങ്ങളാണ് ഇതിനു കീഴിലുള്ളത്. ഇതിലെ രണ്ട് ഓപറേഷന്‍ തിയറ്ററിലെയും വസ്ത്രങ്ങള്‍, മുഴുവന്‍ വാര്‍ഡുകളിലെയും കിടക്ക വിരികള്‍, ഓപ്പറേഷന്‍ സമയത്ത് ഡോക്ടര്‍മാരും നഴ്‌സുമാരുമുപയോഗിക്കുന്ന സര്‍ജറി വസ്ത്രങ്ങള്‍ എന്നിവയടക്കം ദിവസേന 500ലധികം വസ്ത്രങ്ങളാണ് ഐ.എം.സി.എച്ചില്‍ അലക്കാനുണ്ടാകുക. ഇവയെല്ലാം അലക്കി ഉണങ്ങാന്‍ രണ്ടു ദിവസത്തിലധികം സമയം പിടിക്കും.
പലപ്പോഴും വിരിപ്പുകള്‍ക്കായി സിസ്റ്റര്‍മാര്‍ ജീവനക്കാരുടെ പിന്നാലെ നടക്കേണ്ടി വരുന്നതു പതിവാണ്.
മഴക്കാലമായാല്‍ തുണികള്‍ ഉണങ്ങാന്‍ സാധാരണ നാലും അഞ്ചും ദിവസമെടുക്കും. എന്നാല്‍ പവര്‍ ലോന്‍ട്രി സംവിധാനത്തില്‍ മണിക്കൂറുകള്‍ മാത്രമാണ് ഇതിനെല്ലാം കൂടി ആവശ്യമായി വരിക. എച്ച്.ഡി.സി നിയമിച്ച ജീവനക്കാര്‍ തന്നെയാണ് പവര്‍ ലോന്‍ട്രി സംവിധാനവും പ്രവര്‍ത്തിപ്പിക്കുക. 30 ലക്ഷം രൂപയാണ് മെഷീനിന്റെ ചെലവ്. ഒരു മെഷീന്‍ തകരാറിലായാല്‍ പ്രവര്‍ത്തിപ്പിക്കാനായി മറ്റൊരു മെഷീനുമുണ്ട്.
പവര്‍ ലോന്‍ട്രിയുടെ ഔദ്യോഗിക ഉദ്ഘാടനം അടുത്തയാഴ്ചയോടെ നടക്കുമെന്ന് മെഡിക്കല്‍ കോളജ് ബയോമെഡിക്കല്‍ എന്‍ജിനീയര്‍ 'സുപ്രഭാത'ത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."