ഐ.സി.സി ടെസ്റ്റ് റാങ്കിങ്: കോഹ്‌ലിക്ക് തിരിച്ചടി
ദുബൈ: ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് തിരിച്ചടി. ഒരു സ്ഥാനം ഇറങ്ങി കോഹ്‌ലി നാലാം സ്ഥാനത്ത്.
അതേസമയം ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും ബൗളര്‍മാരിലും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ആര്‍ അശ്വിനു സാധിച്ചു. ബൗളര്‍മാരില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയും അശ്വിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നു.
ആസ്‌ത്രേലിയക്കെതിരായ രണ്ടു ടെസ്റ്റുകളിലെ നാലിന്നിങ്‌സുകളില്‍ നിന്നു പൂജ്യം, 13, 12, 15 എന്നിങ്ങനെയായിരുന്നു കോഹ്‌ലി സ്‌കോര്‍ ചെയ്തത്. മോശം ഫോമാണു ഇന്ത്യന്‍ നായകനു തിരിച്ചടിയായത്. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നാലാമതുണ്ടായിരുന്ന ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസന്‍ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം റാങ്കിലേക്കു കുതിച്ചു. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ട് താരം ജോ റൂട്ട് മൂന്നാം സ്ഥാനത്തും തുടരുന്നു.
ആസ്‌ത്രേലിയക്കെതിരേ മികവു പുലര്‍ത്തിയ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ബാറ്റ്‌സ്മാന്‍രുടെ പട്ടികയില്‍ ആറാം റാങ്ക് നിലനിര്‍ത്തി. ആദ്യ പത്തില്‍ കോഹ്‌ലിയെ കൂടാതെ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരവും പൂജാരയാണ്. ആദ്യ 20 റാങ്കില്‍ ഇടം കണ്ട മറ്റൊരു ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയാണ്. താരം 15ാം റാങ്കില്‍.
ബൗളിങ് റാങ്കിങില്‍ അശ്വിനും ജഡേജയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓസീസ് താരം ഹാസ്‌ലെവുഡ് മൂന്നാമതും ശ്രീലങ്കയുടെ രംഗണ ഹെറാത്ത് നാലാമതും നില്‍ക്കുന്നു. മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കും ആദ്യ പത്തിലിടമില്ല.
ഓള്‍റൗണ്ടര്‍മാരില്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന്‍ രണ്ടാമത്. ജഡേജ മൂന്നാം സ്ഥാനത്തും ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് നാലാമതും നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."