കുടിവെള്ള മലിനീകരണ പ്രശ്‌നം അടിയന്തിര നടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനം
ചാലക്കുടി: ജില്ലാ മെഡിക്കല്‍ ഓഫിസറുടെ സന്ദര്‍ശനത്തിന് ശേഷം താലൂക്ക് ആശുപത്രി പരിസരത്തെ കുടിവെള്ള മലിനീകരണ പ്രശ്‌നം സംബന്ധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇന്നു ഡി.എം.ഒ സ്ഥലം സന്ദര്‍ശിക്കും. തുടര്‍ന്ന് നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
കിണര്‍ വെള്ളം മലിനമായ എട്ട് വീട്ടുകാരുമായി കഴിഞ്ഞ ഞായറാഴ്ച നഗരസഭ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ചില ധാരണകളിലും എത്തിയിരുന്നു. ഇക്കാര്യങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ കൗണ്‍സിലില്‍ അറിയിച്ചു. ധാരണപ്രകാരം പുതിയതായി നാല് പൊതുടാപ്പുകള്‍ സ്ഥാപിക്കേണ്ടതില്‍ മൂന്നെണ്ണം സ്ഥാപിച്ചുകഴിഞ്ഞു. ഒരെണ്ണം ഇന്നു സ്ഥാപിക്കും.
കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുന്ന പ്രവര്‍ത്തികളും നഗരസഭ അടുത്ത ദിവസങ്ങളില്‍ ചെയ്തുതീര്‍ക്കും. താലൂക്ക് ആശുപത്രിക്കുള്ളിലെ സോക്ക് പിറ്റുകള്‍ തുറന്ന് പരിശോധന നടത്താനും ധാരണയുണ്ടായിരുന്നു. തിങ്കളാഴ്ചത്തെ ഡി.എം.ഒയുടെ സന്ദര്‍ശനത്തിന് ശേഷം ഈ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കും. എന്നാല്‍ പൊതു ടാപ്പ് സ്ഥാപിക്കലല്ല എട്ട് വീട്ടുകാര്‍ക്കും ഗാര്‍ഹിക കണക്ഷന്‍ നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയുടെ വികസനത്തില്‍ വിളറി പൂണ്ട പ്രതിപക്ഷം ആശുപത്രിയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് ഭരണപക്ഷത്തെ വി ജെ ജോജി ആരോപിച്ചു.
ഇത് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി. പ്രദേശത്തെ വീടുകളിലെ വെള്ളം പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ദുരൂഹതയുണ്ടെന്ന് വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ ആരോപിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടിലെ തിയതികളില്‍ വൈരുദ്ധ്യമുണ്ടെന്നും വൈസ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
ഒരു പരിശോധനയില്‍ ഇക്കോളി ബാക്ടീരയുടെ സാന്നിധ്യമുണ്ടെന്ന് പറയുമ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ വെള്ളത്തിന്റെ മാലിന്യത്തിന് കാരണമായി പറയുന്നത് ആശുപത്രിയിലെ മാലിന്യങ്ങള്‍ കത്തിച്ചതിന്റെ ചാരത്തില്‍ നിന്നുമാണെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ ഇന്നു കാക്കനാട് ലാബില്‍ വെള്ളം പരിശോധിക്കാനും തീരുമാനമായി. എന്നാല്‍ പ്രതിപക്ഷം വീടുകളിലേക്ക് പൈപ്പ് കണക്ഷന്‍ നല്‍കണമെന്ന നിലപാട് ആവര്‍ത്തിച്ചു. ഡിഎംഒയുടെ സന്ദര്‍ശനത്തിന് ശേഷം മറ്റുനടപടികള്‍ കൈക്കൊള്ളാമെന്ന് അറിയിച്ച് ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ച് വിട്ടു. ഭരണപക്ഷ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി എം ശ്രീധരന്‍, യു വി മാര്‍ട്ടിന്‍, പ്രതിപക്ഷ നേതാവ് വി ഒ പൈലപ്പന്‍, ഷിബു വാലപ്പന്‍, കെ വി പോള്‍, ബിജു ചിറയത്ത്, ഗീത സാബു, ആലീസ് ഷിബു, ബിജി സദാനന്ദന്‍ ചര്‍ച്ചയില്‍ സജീവമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."