റമദാനില്‍ മത്വാഫിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് മാത്രം പ്രവേശനം
ജിദ്ദ: റമദാനില്‍ മക്കയിലെ ഹറമിലെ കഅ്ബയോട് ചേര്‍ന്നുള്ള മത്വാഫിലേക്കുള്ള പ്രവേശനം ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ മക്ക ഗവര്‍ണറുടെ നിര്‍ദേശം. ഉംറ തീര്‍ഥാടകര്‍ക്ക് സൗകര്യത്തോടെ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുന്നതിനാണിത്. കഴിഞ്ഞ റമദാനിലും മത്വാഫിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
റമദാനിലെ തിരക്ക് മുന്നില്‍ കണ്ടാണ് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. റമദാനില്‍ മക്കയിലെത്തുന്ന ഉംറ തീര്‍ഥാടകര്‍ക്ക് കര്‍മങ്ങള്‍ ആശ്വാസത്തോടും എളുപ്പത്തിലും നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്. മഗ്രിബ് നമസ്കാര ശേഷം തറാവീഹ് നമസ്കാരം തീരുന്നതുവരെയാണ് മത്വാഫിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഈ സമയം ഉംറ തീര്‍ഥാടകരെ മാത്രമേ മത്വാഫിലേക്ക് കടത്തിവിടൂ.
റമദാനിലെ അവസാന പത്തില്‍ തഹജ്ജുദ് നമസ്കാരം കഴിയുന്നതു വരെയും നിയന്ത്രണം തുടരും. നമസ്കാരത്തിന് മാത്രമായി ഹറമിലെത്തുന്നവരെ പള്ളിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തിരിച്ചുവിടാനും മക്ക ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ റമദാനിലും മത്വാഫിലേക്കുള്ള പ്രവേശനത്തിന് ഭാഗിക നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതുമൂലം മത്വാഫിലെ തിരക്ക് കുറക്കാനും ഉംറ തീര്‍ഥാടകര്‍ക്ക് കഅ്ബ പ്രദക്ഷിണം സുഗമമായി ചെയ്യാനും സാധിച്ചതായുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."