ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം
മുക്കം/പെരുമണ്ണ: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കുറ്റിക്കാട്ടൂര്‍ പുതിയേടത്ത് എ.എല്‍.പി സ്‌കൂളിന് മുകളിലേക്ക് ഉപ്പൂത്തിമരം കടപുഴകി വീണ് ഒരാള്‍ക്കു പരുക്കേറ്റു. കുറ്റിക്കാട്ടൂര്‍ സ്വദേശിനി ഫാത്തിമക്കാണ് പരുക്കേറ്റത്. ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ വിട്ട സമയമായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
സ്‌കൂള്‍ കെട്ടിടത്തിന്റെ ഓടുകള്‍ പൊട്ടിവീണിട്ടുണ്ട്. അപകട സമയത്ത് വിദ്യാര്‍ഥികളാരും ക്ലാസിലുണ്ടായിരുന്നില്ല. ഭക്ഷണം വാങ്ങാന്‍ കുട്ടികളെ വരിനിര്‍ത്തിയതിനാല്‍ എല്ലവരും ഒരുഭാഗത്തായിരുന്നു. മരം അടുത്തുള്ള ഇലക്ട്രിക് കമ്പിയില്‍ തട്ടി നിന്നതിനാല്‍ കുട്ടികള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് പതിക്കാതെ രക്ഷപ്പെട്ടു. ഒരു വിദ്യാര്‍ഥിയുടെ മാതാവ് ബാഗ് എടുക്കാന്‍ വന്നപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിന് ഭാഗികമായി കേടുപറ്റിയിട്ടുണ്ട്. സംഭവ സ്ഥലം വില്ലേജ് ഓഫിസര്‍ മുരളീധരന്‍ സന്ദര്‍ശിച്ചു. സ്‌കൂളിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ വന്‍ വീഴ്ചയാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊടിയത്തൂര്‍ പന്നിക്കോട് പൊലാകുന്ന് പട്ടികജാതി കോളനിയില്‍ കുഞ്ഞി പെണ്ണിന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വീട്ടില്‍ ഈ സമയം ആളുണ്ടായിരുന്നെങ്കിലും പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. സംഭവത്തില്‍ വീട് തകര്‍ന്നിട്ടുണ്ട്. കാരശ്ശേരി കക്കാട് വൈദ്യുതി ലൈനിലേക്ക് മരം പൊട്ടിവീണു വൈദ്യുതി ബന്ധം തകരാറിലായി. ശക്തമായ കാറ്റില്‍ മിക്ക സ്ഥലങ്ങളിലും ചെറിയ മരങ്ങള്‍ മുറിഞ്ഞു വീണിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."