കെ.പി.എല്‍: ആറടിയില്‍ എഫ്.സി കേരളയുടെ ആദ്യ ജയം
തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ എഫ്.സി കേരള ആദ്യ വിജയം നേടി. തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്വാര്‍ട്സ് എഫ്.സിയെ 6-1ന് തകര്‍ത്താണ് എഫ്.സി കേരളയുടെ വിജയം. എഫ്.സി കേരളയ്ക്കായി ശ്രേയസ് അഞ്ച് ഗോളുകള്‍ നേടി. ശേഷിച്ച ഒരു ഗോള്‍ ജിതിന് വലയിലാക്കി. ജോസഫ് ആപ്പിയയാണ് ക്വാര്‍ട്സ് എഫ്.സിയുടെ ആശ്വാസ ഗോള്‍ നേടിയത് .
ആദ്യ വിസില്‍ മുതല്‍ ആക്രമിച്ച് കളിച്ച എഫ്.സി കേരള മത്സരത്തിന്റെ ആറാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്തില്‍ നിന്ന് സന്തോഷ് ട്രോഫി താരം ജിതിന് കൊടുത്ത ക്രോസ് ശ്രേയസ് ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. അഞ്ച് മിനുട്ടിന് ശേഷം എഫ്.സി കേരള ലീഡ് ഇരട്ടിയാക്കി. വലത് വിങ്ങില്‍ നിന്ന് അതിവേഗത്തില്‍ ബോക്സിലേക്ക് ഓടി കയറിയ ജിതിന്റെ ക്രോസില്‍ നിന്നാണ് ശ്രേയസ് രണ്ടാം ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കാന്‍ ആറ് മിനുട്ടുകള്‍ ശേഷിക്കെ വിദേശ താരം ജോസഫിലൂടെ സന്ദര്‍ശകര്‍ ഒരു ഗോള്‍ മടക്കി. പക്ഷെ അടുത്ത മിനുട്ടില്‍ ഡിഫന്‍ഡര്‍ ഷെബിന്‍ നല്കിയ പാസില്‍ നിന്ന് ശ്രേയസ് തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.
രണ്ടാം പകുതി തുടങ്ങി 75ാം മിനുട്ടില്‍ ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്ത് ശ്രേയസ് നാലാമത്തെ ഗോള്‍ നേടി. കളി തീരാന്‍ പത്ത് മിനുട്ട് ബാക്കിയുള്ളപ്പോള്‍ സഹോദരന് നിതിന്‍ എം.എസിന്റെ പാസില്‍ നിന്ന് ജിതിന് സ്കോര്‍ 5-1 ആക്കി. ഷബിന് വലുത് വിങ്ങില്‍ നിന്ന് നല്കിയ ക്രോസ് ക്വാര്‍ട്സ് ബോക്സില്‍ ഉണ്ടാക്കിയ ആശയകുഴപ്പം മുതലെടുത്ത് ശ്രേയസ് തന്റെ അഞ്ചാം ഗോളിലൂടെ ടീമിന്റെ സ്കോര്‍ ആറിലെത്തിച്ചു.
ജയത്തോടെ ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റുമായി എഫ്.സി കേരള മൂന്നാം സ്ഥാനത്തേക്ക് കയറി. 10ന് നടക്കുന്ന അടുത്ത മത്സരത്തില്‍ എസ്.ബി.ഐയാണ് എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."