പകര്‍ച്ചപ്പനിയും വയറിളക്കവും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നതായി പരാതി
കുറ്റ്യാടി: പകര്‍ച്ചപ്പനിയും വയറിളക്കവും വ്യാപകമാകുമ്പോഴും ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടലാസില്‍ ഒതുങ്ങുന്നു. മഴക്കാലം ആരംഭിച്ചതോടെ കുട്ടികളിലും മുതിര്‍ന്നവരിലും പനിയും വയറിളക്കവും വ്യാപകമായിട്ടുണ്ട്. ആയിരത്തിനടുത്തു രോഗികളാണു നിത്യേന ഗവ. താലൂക്ക് ആശുപത്രിയില്‍ മാത്രം ചികിത്സതേടിയെത്തുന്നത്. സ്വകാര്യ ആശുപത്രികളിലും പി.എച്ച്.സികളിലും ചികിത്സ തേടുന്നവര്‍ ഇതിനു പുറമേയാണ്.
ബോധവല്കരണ പ്രവര്‍ത്തനങ്ങളും, കിണറുകളിലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും ക്ലോറിനേഷന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും വേണ്ടത്ര ഫലപ്രദമാവുന്നില്ലെന്നു പരാതിയുയര്‍ന്നിട്ടുണ്ട്.
ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലൊന്നും ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാവുന്നില്ല. കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുന്നുകൂടി കിടക്കുന്ന മാലിന്യത്തിനു ചുറ്റും മലിനജലം കെട്ടിക്കിടന്നു കൊതുക് പെരുകുന്നതായി പരാതിയുണ്ട്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും കുറ്റ്യാടി മേഖലയില്‍ നടപ്പാകുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. മലയോര മേഖലയിലടക്കം പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഇത് ഒഴിവാക്കാന്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."