റമദാനില്‍ മത്വാഫ് ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി
റിയാദ്: റമദാനില്‍ വിശുദ്ധ ഹറമിലെ മത്വാഫ് ഉപയോഗം ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും സഊദി സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി പ്രസിഡന്റുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് കഅ്ബയുടെ മുറ്റമായ മത്വാഫ് ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായി നീക്കിവെക്കാന്‍ ഉത്തരവിട്ടത്. റംസാനിലെ പവിത്ര ഉംറ ലക്ഷ്യമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ഥാടകര്‍ക്ക് തിക്കും തിരക്കും കൂടാതെ എളുപ്പത്തില്‍ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് അവസരമൊരുക്കാനാണ് ഇത്തരത്തിലൊരു നിര്‍ദേശം ഗവര്‍ണര്‍ മുന്നോട്ടു വച്ചത്. മഗ്‌രിബ് നിസ്‌കാരം മുതല്‍ തറാവീഹ് നിസ്‌കാരം പൂര്‍ത്തിയാകുന്നത് വരെയും അവസാന പത്തില്‍ മഗ്‌രിബ് മുതല്‍ പാതിരാ നിസ്‌കാരം പൂര്‍ത്തിയാകുന്നത് വരെയുമാണ് വിലക്ക്. ഹറമില്‍ നിസ്‌കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മത്വാഫിനു പുറത്തുള്ള ലഭ്യമായ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തണം.
അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് ഹറമിലെ അടിയിലെ നില നീക്കിവെച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ വടക്കു ഭാഗത്തെ ഹറം വികസന ഭാഗത്തും സൗകര്യമൊരുക്കും. കഴിഞ്ഞ വര്‍ഷവും മത്വാഫില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഉംറ തീര്‍ഥാടകര്‍ക്ക് ഇത് ആശ്വാസമായിരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ വര്‍ഷവും ഇത് തുടരാന്‍ തീരുമാനിച്ചത്.
അതേസമയം മക്ക പ്രവിശ്യയില്‍ ജുമുഅ നിസ്‌കാരം നടക്കാത്ത പള്ളികളില്‍ തറാവീഹ് നിസ്‌കാരത്തിന് ഉച്ചഭാഷിണി ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി. ഇത്തരം പള്ളികളില്‍ തറാവീഹിന് പള്ളിക്കകത്തെ സ്പീക്കറുകള്‍ മാത്രമാണ് ഉപയോഗിക്കേണ്ടതെന്നും ജുമുഅ നിസ്‌കാരം നടക്കുന്ന പള്ളികളില്‍ തറാവീഹ് നിസ്‌കാരത്തിന് ഉച്ചഭാഷിണി ഉപയോഗിക്കാമെന്നും മക്ക പ്രവിശ്യ ഇസ്‌ലാമിക മന്ത്രാലയ ശാഖാ മേധാവി ശൈഖ് അലി അല്‍ അബ്ദലി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."