പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകള്‍ക്ക് പേരില്ല: റെയ്ഡില്‍ ഒത്തുകളിച്ച് ആരോഗ്യവിഭാഗം
ആലപ്പുഴ: ആരോഗ്യവിഭാഗവും ഹോട്ടലുകളും തമ്മില്‍ ഒത്തുകളി. പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ പ്രഹസനമാകുന്നു. നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഉള്‍പ്പടെ കേന്ദ്രീകരിച്ചു നടത്തുന്ന പരിശോധനകളാണ് പ്രഹസനമായത്.
പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തതായും നടപടി എടുത്തതായും വ്യക്തമാക്കുന്ന ആരോഗ്യ വിഭാഗം സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തു വിടാന്‍ മടിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പരിശോധനകള്‍ നടത്തി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തെങ്കിലും ഈ ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും പേരുവിവരങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടാല്‍ ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായി മാറും. മോശം ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തിരിച്ചറിയാനും കഴിയും. എന്നാല്‍, നോട്ടീസിലും ചെറിയ പിഴയിലും കാര്യങ്ങളൊതുക്കി തീര്‍ത്ത് നഗരസഭ ആരോഗ്യവിഭാഗം ക്രമക്കേടും തട്ടിപ്പും നടത്തുന്നവരുമായി ഒത്തുകളിക്കുകയാണ്. ഇന്നലെ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയിരുന്നു.
നഗരസഭ ആരോഗ്യവിഭാഗം ടൗണ്‍ സൗത്ത് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 7.30 മുതല്‍ 9.30 വരെയാണ് പരിശോധന നടത്തി പഴകിയ ഭക്ഷണ സാധനങ്ങള്‍ വിവിധ ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്തത്. ജനറല്‍ ആശുപത്രി ജംഗ്ഷന്‍, കൈതവന, പള്ളാത്തുരുത്തി, തുടങ്ങിയ സ്ഥലങ്ങളിലെ ആറു ഹോട്ടലുകിലും ഒരു ബേക്കറിയിലുമാണ് പരിശോധന നടത്തിയത്.
പഴകിയ ചോറ്, ഇറച്ചിക്കറി, മീന്‍കറി, മസാല പുരട്ടിയ നിലയിലുള്ള മീന്‍ കഷണങ്ങള്‍, ഇറച്ചി ഫ്രൈ, സലാഡ്, പൊരി പലഹാരങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പഴകിയ ഇറച്ചിക്കറി ഭൂരിഭാഗം കടകളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലുകളുടെ ശുചിത്വ സംവിധാനങ്ങളില്‍ ഗുരുതര വീഴ്ചകളും കണ്ടെത്തി. ഇത്തരത്തില്‍ മോശം സാഹചര്യങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പാകം ചെയ്യുന്നത് സംബന്ധിച്ച് ആരോഗ്യവിഭാഗം ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.
പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തിയതിനു വ്യാപാരികള്‍ക്ക് പിഴയും ചുമത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ ദിലീപ് കുമാര്‍, ടി.സി പ്രവീണ്‍, ഹര്‍ഷിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എന്നാല്‍, ഈ സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് പോരു വെളിപ്പെടുത്താതെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തുന്ന സമീപനമാണ് നഗരസഭ ആരോഗ്യവിഭാഗം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."