ഭീതി വിതക്കുന്ന ആത്തൂര്‍ കൊമ്പനെ തമിഴ്‌നാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാര്‍
കൊല്ലങ്കോട്: ചെമ്മണാമ്പതിയില്‍ ഭീതി വിതക്കുന്ന ആത്തൂര്‍ കൊമ്പനെ തമിഴ്‌നാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാര്‍. തമിഴ്‌നാട് സേലം വനമേഖലയിലെ ആത്തൂരില്‍ നാലിലധികം മനുഷ്യജീവനുകളെ അപഹരിച്ച ആത്തൂര്‍ കൊമ്പനെ രണ്ടരമാസങ്ങള്‍ക്കു മുമ്പാണ് പറമ്പിക്കുളം കടുവാസങ്കേതത്തിനോടു ചേര്‍ന്നുളള ആനമല കടുവാ സങ്കേതത്തിലേക്ക് തമിഴ്‌നാട് വനംവകുപ്പ് കൊണ്ടുവിട്ടത്. പറമ്പിക്കുളത്തേക്കുള്ള പ്രധാനവഴിയായ ടോപ്സ്ലിപ്പിലാണ് തമിഴ്‌നാട് വനംവകുപ്പ് ആത്തൂര്‍ കൊമ്പനെ കൊണ്ടുവിട്ടത്.
ടോപ്പ്സ്ലിപ്പ് വനമേഖലയിലെത്തിയ ആത്തൂര്‍ കൊമ്പന്‍ അവിടേയുള്ള കാട്ടാനകളുമായി ഇടയുകയും ആനമല കടുവാസങ്കേതത്തില്‍ നിന്നും തമിഴ്‌നാട് ചെമ്മണാമ്പതി അടിവാരത്തിലൂടെ കേരളത്തിനകത്ത് കടക്കുകയാണുണ്ടായത്. കഴിഞ്ഞ ഒന്നരമാസത്തേളമായി കേരളത്തിലെ ചെമ്മണാമ്പതിയിലും അരശമരക്കാട് അടിവാരത്തുമായി കറങ്ങുന്ന ആത്തൂര്‍ കൊമ്പന്‍ അതിനകം 14 വീടുകള്‍ ആറ് കാവല്‍ഷെഡുകള്‍ ഉള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്. വീടുകള്‍ക്കകത്തു കയറി അരി ഉള്‍പെടെയുള്ളവ നശിപ്പിക്കുന്ന പ്രവണതയാണ് ആത്തൂര്‍ കൊമ്പനുള്ളത്. ഏഴ് ആനകളുള്ള കൂട്ടത്തിലാണ് ആത്തൂര്‍ കൊമ്പനെ നാട്ടുകാര്‍ ആദ്യം കണ്ടെത്തിയതെങ്കിലും പിന്നീട് തനിച്ചുള്ള ആക്രമണമാണ് ആത്തൂര്‍ കൊമ്പന്‍ തെന്മലയോരത്ത് നടത്തിവരുന്നത്.
തമിഴ്‌നാട് വനംവകുപ്പിനോട് നിരവധി തവണ ആത്തൂര്‍ കൊമ്പനെ സത്യമംഗലം - മൈസൂര്‍ വനമേഖലയില്‍ കൊണ്ടുവിടമെന്ന് ആനമല, സേത്തുമട വാസികള്‍ ആശ്യപ്പെട്ടിട്ടും നടപ്പിലായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആത്തൂര്‍ കൊമ്പനെ ജനവാസം കുറഞ്ഞപ്രദേശത്തേക്ക് കൊണ്ടുപോകാന്‍ കേരള -തമിഴ്‌നാട് വനംവകുപ്പുകള്‍ സംയുക്തമായി നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ചെമ്മണാമ്പതി അടിവാരത്തുള്ള നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."