ഭക്ഷണമൊരുക്കി ആദിവാസികള്‍ കാത്തിരുന്നു; പരിപാടിക്കെത്താതെ ജനപ്രതിനിധികള്‍ പറ്റിച്ചു
അരീക്കോട്: നിര്‍മാണം പൂര്‍ത്തിയായ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കൊടുമ്പുഴ ആദിവാസി കോളനിയിലെ അങ്കണവാടിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിട്ടുനിന്നു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി അബ്ദുറഹ്മാന്‍, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഇതോടെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കാത്തു നിന്ന അന്‍പതോളം ആദിവാസികള്‍ നിരാശയിലായി. ഇവര്‍ക്കായി ആദിവാസികള്‍ ഭക്ഷണവും ഒരുക്കിയിരുന്നു.
പത്ത് വര്‍ഷം മുന്‍പ് അങ്കണവാടി നിര്‍മാണത്തിന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും 2010ല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എട്ട് വര്‍ഷമായിട്ടും ചുമരില്‍ ഒതുങ്ങുകയായിരുന്നു. ഒടുവില്‍ കോളനി നിവാസികളുടെ നിരന്തരമായുള്ള ആവശ്യം പരിഗണിച്ച് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വീണ്ടും 5.35 ലക്ഷം രൂപ വകയിരുത്തിയാണ് ഷീറ്റ് മേഞ്ഞ അങ്കണവാടി നിര്‍മിച്ചത്. കൊടുമ്പുഴ കോളനിയില്‍ അങ്കണവാടി നിര്‍മിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 2017 സെപ്റ്റംബര്‍ എട്ടിന് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ മൂന്നിന് രാവിലെ പത്തിനായിരുന്നു പുതിയ അങ്കണവാടിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിരാവിലെ തന്നെ എല്ലാ വിധ ഒരുക്കങ്ങളും നടത്തി ആദിവാസികള്‍ കാത്തിരുന്നെങ്കിലും ആരും വന്നില്ല. ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്ന അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി പൊട്ടിപ്പൊളിഞ്ഞ ആദിവാസി കോളനിയിലേക്ക് വാഹനം കയറില്ലെന്ന് പറഞ്ഞ് ഒന്നര കിലോമീറ്റര്‍ അകലത്തില്‍ എത്തി തിരിച്ചുപോവുകയായിരുന്നുവെന്ന് ആദിവാസികള്‍ പറഞ്ഞു. അധ്യക്ഷനാവേണ്ട ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി അബ്ദുറഹ്മാനും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലിയും അതുവഴി വന്നതേയില്ല.
ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അങ്കണവാടി ഏറ്റെടുക്കേണ്ട ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിന് എത്താതിരുന്നതോടെ ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങള്‍ക്കും വേണ്ടെന്ന നിലപാടാണ് ആദിവാസികള്‍ക്ക്. ഒടുവില്‍ ബ്ലോക്ക് പ്രസിഡന്റിന് പകരം വാര്‍ഡംഗം സുനിതാ മനോജ് അങ്കണവാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി അബ്ദുറഹിമാന് പകരമായി ഊരുമൂപ്പന്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനുമായി. അങ്കണവാടി ടീച്ചര്‍ മിനി, പഞ്ചായത്തിലെ വിവിധ ങ്കണവാടിയിലെ ടീച്ചര്‍മാരും പങ്കെടുത്തു. എന്നാല്‍ മൂന്നിന് നാട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലിയും കുടുംബത്തില്‍ ഒരു മരണവുമായി ബന്ധപ്പെട്ട് പോകാനുള്ളതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി അബ്ദുറഹ്മാനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."