വംശീയവെറി: സ്ത്രീയും വേഷവും ഇര
അന്താരാഷ്ട്ര വനിതാദിനത്തില്‍ ഗാന്ധിയുടെ നാട്ടില്‍ സ്ത്രീ വീണ്ടും അപമാനിക്കപ്പെട്ടു. അലഹബാദില്‍ ഗാന്ധിനഗര്‍ മഹാത്മാമന്ദിറില്‍ സംഘടിപ്പിച്ച 'സ്വച്ഛശക്തി'യിലാണു പെണ്ണുങ്ങളെ പിന്നെയും അപമാനിക്കാന്‍ അധികാരികള്‍ ധാര്‍ഷ്ട്യം കാണിച്ചത്.
തുര്‍ക്കിയിലെ മുസ്തഫാ കമാല്‍പാഷ തുടങ്ങിവച്ച സംസ്‌കാരവിരുദ്ധമായ സ്ത്രീവേട്ട ഇപ്പോള്‍ അമേരിക്കയിലെ ട്രംപ് അനുകൂലികളായ വംശീയവെറിയന്മാര്‍ തെരുവിലും വിമാനത്താവളങ്ങളിലും ആവര്‍ത്തിക്കുകയാണ്. പെണ്ണിന്റെ ശിരസ്സില്‍നിന്നു മഫ്ത വലിച്ചുകീറാന്‍ പുറപ്പെടുകയാണ്.
ഭാരതം ലോകത്തിനു മാതൃകയായ രാഷ്ട്രമാണ്. ഇന്ത്യന്‍ ഭരണഘടന ഉല്‍കൃഷ്ടവും ഉന്നതവുമാകുന്നത് അതുയര്‍ത്തിയ മാനവികനൈതികതയുടെ പേരിലാണ്. തിരുത്താനും മാറ്റാനും പാടില്ലെന്ന ആജ്ഞയോടെ ആവിഷ്‌കരിച്ച മൗലികാവകാശങ്ങളുള്ളതിനാലാണ് ഇന്ത്യന്‍ ഭരണഘടന ഇത്രയേറെ പ്രശംസിക്കപ്പെടുന്നത്.
ഭാരതത്തിലെ നാനാവിധ വിശ്വാസങ്ങളും ആചാരങ്ങളും ഭാഷകളും മാനിക്കണമെന്നു മാത്രമല്ല, ഈ സാംസ്‌കാരികബിംബങ്ങളത്രയും പരിരക്ഷിക്കാന്‍ അതിന്റെ അവകാശികള്‍ക്ക് അധികാരവും അവകാശവുമുണ്ടെന്ന് ഉറക്കെപ്പറയുക കൂടി ചെയ്യുന്നുണ്ട് ഇന്ത്യന്‍ ഭരണഘടന. ആ ഭരണഘടന തൊട്ടു പ്രതിജ്ഞയെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്കു പ്രവേശനം കിട്ടാന്‍ ഈ അവകാശങ്ങളൊക്കെ മാറ്റിവയ്ക്കണമെന്ന് പറയാതെപറയുന്ന പകയുടെ രാഷ്ട്രീയം ഇന്ത്യയുടെ യശ്ശസ് ഒട്ടും ഉയര്‍ത്തില്ലെന്നുറപ്പ്.
സ്ത്രീത്വം വിലമതിക്കപ്പെടുന്നത് സ്ത്രീകളോടുള്ള നിലപാടിനെ ആശ്രയിച്ചാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാന്‍ അനുവദിക്കില്ലെന്നത് മുസോളിനിസമോ ഹിറ്റ്‌ലറിസമോ അതിലും താണ അധര്‍മമോ ആണെന്ന് ഉറപ്പ്.
കേരളത്തില്‍നിന്നു ക്ഷണിക്കപ്പെട്ട വനിതാ ജനപ്രതിനിധികളുടെ മേലുടുപ്പ് അഴിക്കാന്‍ ഇന്ത്യയിലെ ഏതു ഭരണഘടനാവകുപ്പാണ് അധികാരികള്‍ക്ക് അനുവാദം നല്‍കിയത്. തങ്ങളുടെ സാംസ്‌കാരിക അടയാളങ്ങള്‍ സംരക്ഷിക്കാന്‍ സമ്പൂര്‍ണാവകാശം ഭരണഘടന അനുവദിച്ചിരിക്കെ അതിനെതിരേ നിലപാടു സ്വീകരിക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതു ഭ്രാന്തന്‍ വര്‍ഗീയതയല്ലാതെ മറ്റെന്താണ്.
ബിഹാറിലെ മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്നവര്‍ പറഞ്ഞതു തങ്ങളിഷ്ടപ്പെടാത്ത മാംസം അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നായിരുന്നു. എന്താണ് ഉരുവിടേണ്ടത്, എന്തു ഭുജിക്കണം എന്നൊക്കെ ചിലര്‍ ചേര്‍ന്നു നിശ്ചയിക്കുന്ന ഇന്ത്യ നമ്മെ ഭയപ്പെടുത്തുന്നു.
ഉമാഭാരതിക്ക് പാര്‍ലമെന്റിലും മന്ത്രിസഭാ യോഗത്തിലും കാവി പുതച്ചു പങ്കെടുക്കാം. അതിന്റെ പേരില്‍ പൊതുരംഗത്ത് ഉമാഭാരതിക്കു വിലക്കില്ല. ജൈനസന്ന്യാസി ഉടുതുണിയില്ലാതെ പൊതുരംഗത്തു വന്ന് ഉദ്‌ബോധനം നടത്തിയ വാര്‍ത്ത ലോകസമൂഹം മൂക്കത്തു വിരല്‍വച്ചാണു വായിച്ചത്. ഇതിനു നേരെ വിമ്മിട്ടം കാണിക്കാത്ത, ഇതെല്ലാം വിലക്കാത്ത ഭരണാധികാരികള്‍ കേരളത്തില്‍ നിന്നെത്തിയ സഹോദരികളുടെ മാന്യതയുടെ അടയാളം കൂടിയായ ശിരോവസ്ത്രം നിര്‍ബന്ധിപ്പിച്ച് അഴിച്ചുമാറ്റിച്ചതിന്റെ അര്‍ഥമെന്താണ്.
ഇന്ത്യാരാജ്യം ഭരിക്കുന്നവര്‍ക്ക് 69 ശതമാനം ജനം പിന്തുണ നല്‍കിയിട്ടില്ല. ജനാധിപത്യത്തിന്റെ സഹജദൗര്‍ബല്യത്തിന്റെ വിടവിലൂടെ സൗത്ത് ബ്ലോക്കിലെത്തിയ നരേന്ദ്രമോദിയും ബി.ജെ.പിയും ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാനുള്ള പുറപ്പാടിലാണോ? അയോധ്യയെന്നാല്‍ യുദ്ധമില്ലാത്ത ഭൂമി എന്നാണര്‍ഥം. അവിടെത്തന്നെ യുദ്ധമുഖം തുറന്നു ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം ക്രൂരമായി ബലാല്‍ക്കാരം ചെയ്ത ലാല്‍കൃഷ്ണ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യത്തെയാണ് അടിക്കടി കളങ്കപ്പെടുത്തുന്നത്.
പര്‍ദ സ്വീകരിക്കാനും ഉപേക്ഷിക്കാനും വ്യക്തികള്‍ക്ക് അവകാശമുണ്ട്. അതാണ് ഇന്ത്യ. അതായിരിക്കണം ഇന്ത്യ. ഇസ്‌ലാമിക സംസ്‌കാരത്തെ നെഞ്ചോടു ചേര്‍ത്തുവച്ച പ്രിയപ്പെട്ട സഹോദരികള്‍ ഗാന്ധിനഗറില്‍ എന്തിനു പീഡിപ്പിക്കപ്പെട്ടു. അവരുടെ വിശ്വാസമനുസരിച്ച് ഇന്ത്യയിലെവിടെ സഞ്ചരിക്കാനും സമ്മേൡക്കാനും ഭരണഘടന ഉറപ്പുനല്‍കിയിരിക്കെ ഭരണഘടനയുടെ കാവലാളുകള്‍തന്നെ അതു പിച്ചിച്ചീന്തിയത് അത്രമേല്‍ ആശങ്കഉയര്‍ത്തുന്നു.
മുസ്‌ലിംകള്‍ക്കുമാത്രം പൗരത്വമുള്ള യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ തലസ്ഥാനമായ അബൂദബിയില്‍ ചെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ പ്രസിഡന്റിനോടു തന്റെ സമുദായത്തിനൊരു ആരാധനാലയം വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അത് അനുവദിക്കുകയും ക്ഷേത്രം സര്‍ക്കാര്‍ ചെലവില്‍ നിര്‍മിച്ചുനല്‍കുകയും ചെയ്ത സംഭവം ഓര്‍ക്കുക.
അത്തരമൊരു ഇസ്‌ലാമിക സഹിഷ്ണുത അനുഭവിച്ചറിഞ്ഞിട്ടും നമ്മുടെ പ്രധാനമന്ത്രിക്കു വിശാലമനസ്സ് വരുന്നില്ലെന്നതു രാഷ്ട്രീയ സ്വയംസേവക് സംഘ് പാകപ്പെടുത്തിയെടുത്ത വരള്‍ച്ചയുടെ അടയാളമായി കണക്കാക്കുകയല്ലാതെ മറ്റെന്തു വിചാരിക്കാനാവും.
ഭാരതം ലോകരാഷ്ട്രങ്ങള്‍ക്കു നല്‍കിയ സഹിഷ്ണുതയുടെ അനേകപാഠങ്ങളുണ്ട്. പല വിശ്വാസങ്ങളും സ്വീകരിച്ചു പാലൂട്ടി താലോലിച്ചുവളര്‍ത്തിയ ഉദാത്തമായ പൂര്‍വികരുടെ ഉല്‍കൃഷ്ടസൗന്ദര്യബോധം.
അധര്‍മങ്ങളുടെ കറ പുരളാതെ ഇന്ത്യാ മഹാരാജ്യം ഭരിച്ച മഹാന്മാര്‍ ഇരുന്ന കസേരയിലാണു താനിരിക്കുന്നതെന്നെങ്കിലും പ്രധാനമന്ത്രി ഓര്‍ക്കണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."