സര്‍വത്ര വെള്ളം; പക്ഷേ എത്തിക്കാന്‍ സംവിധാനമില്ല
ബാലുശ്ശേരി: താലൂക്ക് ആശുപത്രിയിലേക്കു കുടിവെള്ളമെത്തിക്കാന്‍ കുഴിച്ച കിണറില്‍ സര്‍വത്ര വെള്ളം. പക്ഷേ, വെള്ളം ആശുപത്രിയിലെത്തിക്കാന്‍ സംവിധാനമില്ല.
ആശുപത്രിയില്‍ നിന്നു 300 മീറ്ററോളം അകലെ വയലില്‍ തോടിനോടു ചേര്‍ന്ന് സ്വകാര്യവ്യക്തി സംഭാവന നല്‍കിയ സ്ഥലത്താണ് കിണര്‍ കുഴിച്ചത്. രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന ആശുപത്രിയില്‍ കുടിവെള്ളമെത്തിക്കാന്‍ സംവിധാനമൊരുക്കാത്തതില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോള്‍ ആശുപത്രി സംരക്ഷണ സമിതി മുന്നിട്ടിറങ്ങിയാണ് സ്വകാര്യ വ്യക്തിയില്‍ നിന്നു ഒന്നേകാല്‍ സെന്റ് ഭൂമി ആശുപത്രിക്ക് സംഭാവനയായി വാങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ച് കിണര്‍ കുഴിച്ചെങ്കിലും വെള്ളമെത്തിക്കുന്നതിന് പമ്പ് ഹൗസ്, മോട്ടോര്‍, ടാങ്ക്, ജലവിതരണ പൈപ്പുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് ഫണ്ടില്ലാത്ത അവസ്ഥയിലാണ്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പ്രാഥമിക പരിഗണന അര്‍ഹിക്കുന്ന കുടിവെള്ള സംവിധാനത്തിന് ഫണ്ട് പ്രയോജനപ്പെടുത്തിയില്ല.
പുതിയ ബജറ്റില്‍ ആശുപത്രി വികസനത്തിന് 20 കോടി വകയിരുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതി ഇത്തവണയെങ്കിലും പ്രാവര്‍ത്തികമാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."