പിറവം റോഡ് - കുറുപ്പന്തറ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നു: ജൂലൈയില്‍ സേഫ്റ്റി കമ്മിഷണര്‍ പരിശോധനക്കെത്തും
കടുത്തുരുത്തി: കോട്ടയം-എറണാകുളം റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി വെള്ളൂരിലെ പിറവം റോഡ് റെയില്‍വേ സ്റ്റേഷനും കുറുപ്പന്തറ സ്റ്റേഷനും മധ്യേ നടക്കുന്ന റെയില്‍പാതയില്‍ അടുത്തമാസം ആദ്യവാരത്തില്‍ സേഫ്റ്റി കമ്മിഷണര്‍ പരിശോധന നടത്തും.
സേഫ്റ്റി കമ്മിഷണറുടെ പരിശോധന നടന്നു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ പത്തു ദിവസത്തിനുള്ളില്‍ പുതിയ പാതയിലൂടെ ട്രെയിനുകള്‍ ഓടി തുടങ്ങും. പുതിയ പാതയുടെ നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ശനിയാഴ്ച്ച പുതിയ പാതയിലൂടെ എന്‍ജിന്‍ ഓടിച്ചു നോക്കിയിരുന്നു.
ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഡീസല്‍ എന്‍ജിനാണു പരിശോധനയ്ക്കുപയോഗിച്ചത്. റെയില്‍പാതയുടെ വര്‍ക്കുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ പാതയിലെ ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഇതിന്റെ വര്‍ക്കുകള്‍ നടന്നു വരികയാണ്. കോട്ടയം-എര്‍ണാകുളം പാതയില്‍ വാലാച്ചിറ സ്റ്റേഷനും വൈക്കം റോഡ് സ്റ്റേഷനും മധ്യേയുള്ള ഭാഗത്താണ് ഇലക്ട്രിഫിക്കേഷന്റെ ജോലികള്‍ നടക്കുന്നത്. ഇലക്ട്രിഫിക്കേഷന്‍ നടത്താനുള്ള ഇരുമ്പ് കേഡറുകളും പാതയോട് ചേര്‍ന്ന് സ്ഥാപിച്ചു വരികയാണ്.
ബലവത്തായ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച ശേഷമാണ് പുതിയ റെയില്‍പാളം സ്ഥാപിച്ചത്. തുടര്‍ന്ന് കോണ്‍ക്രീറ്റ് തൂണുകളിലേക്ക് റെയില്‍പാതകള്‍ ക്ലാബ് ചെയ്തു ഉറപ്പിക്കുകയായിരുന്നു. പാളം സ്ഥാപിച്ചു കഴിഞ്ഞെങ്കിലും മെറ്റലുകള്‍ നിരത്തി വിടവുകള്‍ അടയ്ക്കുന്ന ജോലികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.
കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് പുതിയ പാതയില്‍ കോണ്‍ക്രീറ്റ് തൂണുകളും റെയില്‍പാളങ്ങളും എടുത്തു വച്ചത്. നേരത്തെ പഴയ പാതയിലെ ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍ നടത്തുന്നതിനായി ഇതുവഴിയുള്ള ട്രെയിന്‍ഗതാഗതം നിര്‍ത്തി വച്ചിരുന്ന സമയത്ത് പഴയ പാതയിലെ കാലപഴക്കം മൂലം തകരാറിലായ പാളം പല സ്ഥലത്തും മാറ്റി സ്ഥാപിച്ചിരുന്നു.
പുതിയ ട്രാക്കിലെ പണികള്‍ പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം ഇതുവഴിയും നടത്താന്‍ കഴിയുന്നതോടെ കോട്ടയം-എര്‍ണാകുളം റെയില്‍പാതയില്‍ വന്‍വികസനമാണ് ഉണ്ടാകാന്‍ പോകുന്നത്. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഒന്നര കിലോമീറ്റര്‍ ഭാഗത്തു രണ്ടാമത്തെ പാതയില്‍ പാളം ഉറപ്പിച്ചു ഇതുവഴി ട്രെയിനുകള്‍ കടത്തിവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."