കുടുംബശ്രീ ബാലസഭ ഇനി മുഴക്കും ഇടനെഞ്ചില്‍ ബാന്റഡി മേളം
കോഴിക്കോട്: ചെണ്ടമേളത്തിലുള്‍പ്പെടെ വാദ്യകലകളില്‍ ആണ്‍കൊയ്മക്കൊപ്പമെത്തിയ പെണ്‍കൊടികള്‍ ഇനി ബാന്‍ഡ് മേളത്തിലും വിസ്മയം തീര്‍ക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ സി.ഡി.എസ് ബാലസഭയുടെ കീഴിലാണ് 21 പൈലറ്റ്‌സ് എന്ന പേരില്‍ ബാന്‍ഡ് സെറ്റ് രൂപീകരിച്ചത്. കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതിയുടെ സഹായത്തോടെ കുട്ടികളുടെ സ്‌കില്‍ ഡെവലപ്‌മെന്റ് ലക്ഷ്യമാക്കിയാണ് 21 പെണ്‍കുട്ടികളെ ഉള്‍ക്കൊള്ളിച്ച് ബാന്‍ഡ് സംഘം രൂപീകരിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ കുടുംബശ്രീ ബാന്‍ഡ്‌സെറ്റ് രൂപീകരിക്കുന്നത്. കോര്‍പറേഷന്‍ പരിധിയിലെ 600 ബാലസഭാ യൂനിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത 60 പേരില്‍നിന്നാണ് 21 അംഗ ടീമുണ്ടാക്കിയത്. 18 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ് ടീമിലുള്ളത്. കുടുംബശ്രീയുടെ ഗവേഷണസ്ഥാപനമായ ഏക്‌സാത്തിന്റെ നേതൃത്വത്തില്‍ പ്രമുഖ ബാന്‍ഡ് മാസ്റ്റര്‍ കെ.എം കുര്യാക്കോസാണ് പരിശീലനം നല്‍കിയത്. ഒന്നരമാസം കൂടി പരിശീലനം നല്‍കിയതിനു ശേഷം ജൂണില്‍ സംഘം പൊതുപരിപാടികളില്‍ സജീവമാകും.
10ന് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ചടങ്ങിലും 17ന് കുടുംബശ്രീയുടെ ഇരുപതാം വാര്‍ഷികാഘോഷത്തിലും ബാന്‍ഡ് ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ടാകും. ബാന്‍ഡ് സംഘത്തെ പ്രൊഫഷനല്‍ ട്രൂപ്പാക്കാനാണ് പദ്ധതി. മിതമായ നിരക്കില്‍ ബാന്‍ഡ് സംഘത്തിന്റെ സേവനം പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും ലഭ്യമാക്കും. അഞ്ചുലക്ഷം രൂപ ചെലവിലാണ് പദ്ധതി യാഥാര്‍ഥ്യമായത്. ബാന്‍ഡ് സെറ്റിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഓഫിസിന് മുന്‍വശം ബീച്ച് പരിസരത്ത് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷയായി. ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ അനിതാരാജന്‍ കുട്ടികള്‍ക്കുള്ള ബാഡ്ജ് വിതരണം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.വി ബാബുരാജ്, എം.സി അനില്‍കുമാര്‍, ചെയര്‍പേഴ്‌സന്‍ ആശാശശാങ്കന്‍, ടി.വി ലളിതപ്രഭ, കൗണ്‍സിലര്‍മാരായ പൊറ്റങ്ങാടി കിഷന്‍ചന്ദ്, നമ്പിടിനാരായണന്‍, കോര്‍പറേഷന്‍ അഡീഷനല്‍ സെക്രട്ടറി കെ.പി വിനയന്‍, പി.സി കവിത, എം.വി റംസി ഇസ്മായില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."