കാട്ടാനകളുടെ അക്രമം: ഗൂഡല്ലൂര്‍ മേഖലയില്‍ ആറു വര്‍ഷത്തിനിടെ പൊലിഞ്ഞത് 43 ജീവനുകള്‍
ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള ഗൂഡല്ലൂര്‍ വനമേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മാത്രം പൊലിഞ്ഞത് 43 ജീവനുകള്‍.
60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വനത്തിലെ വരള്‍ച്ചയും ഭക്ഷ്യവസ്തുക്കള്‍ കുറയുകയും ചെയ്തതോടെയാണ് കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി മനുഷ്യജീവനും സ്വത്തിനും ഭീഷണിയായത്. 2016ല്‍ മാത്രം 13 പേരാണ് ഗൂഡല്ലൂര്‍ വനമേഖലയില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഏപ്രില്‍ ആദ്യവാരം വരെ ഇതിനകം അഞ്ചു ജീവനുകളും കാട്ടാനകളുടെ ആക്രമണങ്ങളില്‍ പൊലിഞ്ഞിട്ടുണ്ട്. നീലഗിരി ജില്ലയില്‍ വിവിധ പ്രദേശങ്ങലില്‍ വന്യമൃഗശല്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. എന്നാല്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അധികൃതര്‍ ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കാട്ടാനകളെത്തുമ്പോള്‍ സൈറണ്‍ മുഴക്കി തുരത്തുന്നുണ്ടെങ്കിലും വനപാലകര്‍ പിന്‍വാങ്ങുമ്പോള്‍ കാട്ടാന തിരിച്ചെത്തുന്ന സ്ഥിതിയാണുള്ളത്.
നീലഗിരി ജില്ലയിലെ വടക്ക് വനമേഖല കടുവാ സങ്കേതത്തോട് ചേര്‍ത്തതോടെ വന്യമൃഗ ശല്യത്തിന് കുറവുണ്ടാകുമെന്നാണ് വനം വകുപ്പിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ കാടും നാടും വേര്‍തിരിച്ച് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാതെ വന്യമൃഗ ശല്യം കുറയില്ലെന്നാണ് കര്‍ഷകരുള്‍പെടെ പറയുന്നത്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലാണ് കാട്ടാനശല്യം രൂക്ഷമായിട്ടുള്ളത്. വന സംരക്ഷണത്തിനും മറ്റുമായി കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍, ജനങ്ങളുടെ സുരക്ഷക്കായി കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."