കാഞ്ഞിരത്തിനാല്‍ സമരം: ചിത്രം വരച്ച് പ്രതിഷേധിച്ചു
കല്‍പ്പറ്റ: കലക്ടറേറ്റിന് മുന്നില്‍ മീറ്ററുകളോളം നീളത്തില്‍ വലിച്ചുകെട്ടിയ തുണിയില്‍ ചിത്രം വരച്ച് ഒരുകൂട്ടം കലാകാരന്‍മാര്‍ തീര്‍ത്തത് പ്രതിഷേധത്തിന്റെ കോട്ട.
നീതിക്കായി കലക്ടറേറ്റ് പടിക്കല്‍ 1000 ദിവസത്തിനടുത്തായി ധര്‍ണയിരിക്കുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു ഈ കലാകാരന്‍മാര്‍ കര്‍ഷകരുടെ ദൈന്യതകളടങ്ങുന്ന നിരവധി ചിത്രങ്ങള്‍ക്ക് ചായം പൂശിയത്. ഏകതാ പരിഷത്തും, ഓള്‍ ഇന്ത്യാ ഫാര്‍മേഴ്‌സ് അസോസിയേഷനും, മനുഷ്യാവകാശ സംരക്ഷണ മിഷനും ചേര്‍ന്നാണ് ചിത്രകാരന്‍മാരുടെ കൂട്ടായ്മയില്‍ പ്രതിഷേധ ചിത്രംവര സംഘടിപ്പിച്ചത്. കലക്ടറേറ്റിന് മുന്നില്‍ കെട്ടിയ 120 മീറ്റര്‍ തുണിയിലാണ് നൂറോളം ചിത്രകാരന്‍മാര്‍ ചിത്രങ്ങള്‍ വരച്ചത്. അഹിംസാ മാര്‍ഗത്തില്‍ സമരം നടത്തുന്ന ജെയിംസിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷകന്റെ വേഷമണിഞ്ഞ് ഞാന്‍ ജെയിംസ് എന്ന് ദേഹത്ത് എഴുതി ഒരാളെ പ്രതീകമായി നിര്‍ത്തുകയും കര്‍ഷകന്റെ ഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യത്തില്‍ പദയാത്ര നടത്തുകയും ചെയ്തു. സമരപന്തലിന് മുന്നില്‍ സമരമിരിക്കുന്ന ജെയിംസിനെ തന്നെ ചിത്രകാരന്‍മാര്‍ വരച്ചു.
പ്രതിഷേധ ചിത്രംവര ഏകതാപരിഷത്ത് മുന്‍ അധ്യക്ഷന്‍ പദയാത്രാ ഗാന്ധി ഡോ. പി.വി രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബിനോയ് തോമസ്, ജില്ലാ ചെയര്‍മാന്‍ പി.ജെ ദേവസ്യ, മനുഷ്യാവകാശ സംരക്ഷണമിഷന്‍ പ്രവര്‍ത്തക സുലോചനാ രാമകൃഷ്ണന്‍, ഡോ. ബെഞ്ചമിന്‍ ഈശോ, പി.ജെ ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."