ഇങ്ങനെ നിര്‍മിക്കാന്‍ ആരാണ് കൂട്ടുനില്‍ക്കുന്നത്
സ്വന്തം ലേഖകന്‍
കോഴിക്കോട്: അഞ്ച് ദിവസത്തിനിടെ രണ്ട് അപകടങ്ങള്‍ കണ്‍മുന്നില്‍ കാണേണ്ടി വന്നതിന്റെ ഞെട്ടലിലാണ് കോഴിക്കോട്ടുകാര്‍. അഞ്ച് ദിവസം മുന്‍പ് കോഴിക്കോട് ചിന്താവളപ്പില്‍ മണ്ണിടിഞ്ഞ് ബിഹാര്‍ സ്വദേശികളായ രണ്ട് പേരുടെ ജീവന്‍ നഷ്ടമായെങ്കില്‍ ഇന്നലെ ആനിഹാള്‍ റോഡിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇവിടങ്ങളില്‍ പ്രവൃത്തി നടത്തിയതെന്ന് ആര്‍ക്കും ബോധ്യമാകും. ആദ്യ സംഭവത്തില്‍ തൊഴിലാളികളെ കുരുതിക്ക് കൊടുക്കുന്ന അവസ്ഥയാണ് ഉണ്ടായതെന്ന് ജില്ലാ കലക്ടര്‍ തന്നെ പറഞ്ഞിരുന്നു. കെട്ടിടത്തിന് അനുമതി നല്‍കുന്നതില്‍ ഉദാര സമീപനം കാണിക്കുന്ന അധികൃതര്‍ പിന്നീട് നടക്കുന്ന നിര്‍മാണ പ്രവൃത്തിയിലെ നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ് പലപ്പോഴും ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
പലപ്പോഴും കെട്ടിട നിര്‍മാണ ചട്ടത്തില്‍ നിഷ്‌കര്‍ശിക്കുന്ന രീതിയില്‍ കെട്ടിടങ്ങള്‍ തമ്മിലുള്ള ദൂരപരിധി ലംഘിക്കപ്പെടുകയാണ്. ദൂരപരിധി പാലിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളാവട്ടെ കുഴിക്കാവുന്ന ആഴം മറികടന്ന് അനുമതി നല്‍കിയതിലും അധികം മണ്ണ് നീക്കം ചെയ്യുന്നതും സാധാരണമായി.
ഇത്തരത്തില്‍ മണ്ണ് നീക്കിയതാണ് രണ്ടിടങ്ങളിലും അപകടത്തിന് വഴിവച്ചത്. തീരദേശ നഗരമായതിനാല്‍ പ്രത്യേക ഭൂപ്രകൃതി കണക്കിലെടുത്ത് സ്വീകരിക്കേണ്ട പല മുന്‍കരുതലുകളും സ്വീകരിക്കാന്‍ കരാറുകാരും തയാറാകുന്നില്ല. ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് പൈലിങ് നടത്തേണ്ട പല സ്ഥലങ്ങളിലും ചെലവ് അധികമാകുമെന്നതിനാല്‍ ഉടമകളും അതിന് താല്‍പര്യം കാണിക്കാറില്ല.
ചിന്താവളപ്പിലും ആനിഹാള്‍ റോഡിലും മണ്ണിടിഞ്ഞ സ്ഥലങ്ങള്‍ക്ക് ഏതാനും മീറ്ററുകളുടെ അകലത്തിലാണ് മറ്റ് കെട്ടിടങ്ങളുണ്ടായിരുന്നത്. സുരക്ഷ കണക്കാക്കി ജില്ലാ ഭരണകൂടത്തിന് ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അനധികൃതമായി കെട്ടിട നിര്‍മാണം നടക്കുന്നുണ്ടോയെന്ന് പരിശോധന നടക്കാനിരിക്കെയാണ് ഇന്നലെ വീണ്ടും അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."