ബദിയഡുക്ക മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം: പദ്ധതികളുടെ ഫണ്ട് ട്രഷറിയില്‍ കുടുങ്ങി
ബദിയഡുക്ക: പഞ്ചായത്ത് പരിധിയിലെ പല സ്ഥലങ്ങളിലും വരള്‍ച്ച രൂക്ഷമായി. പഞ്ചായത്ത് ജീവനക്കാരുടെ കെടുകാര്യസ്ഥത കാരണവും പദ്ധതി പ്രവര്‍ത്തനത്തില്‍നിന്ന് വാട്ടര്‍ അതോറിറ്റി പിന്‍മാറിയതിനാലും പദ്ധതികള്‍ക്ക് ഫണ്ടുണ്ടായിട്ടും ബദിയഡുക്കയ്ക്ക് വരണ്ടുണങ്ങുകയാണ്.
കുടിവെള്ള ക്ഷാമം രൂക്ഷമായ ബദിയഡുക്ക ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളമെത്തിക്കുന്നതിനു വേണ്ടി കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച 32 കുടിവെള്ള പദ്ധതികളുടെ ഫണ്ട് ട്രഷറിയില്‍ കുടുങ്ങി കിടക്കുന്നു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 30 ലക്ഷം 2017-18 സാമ്പത്തിക വര്‍ഷം അവസാനത്തില്‍ ട്രഷറിയില്‍ അടച്ചതണ്. പദ്ധതി നടത്തിപ്പിന്റെ ചുമതല വാട്ടര്‍ അതോറിറ്റിക്കായിരുന്നു. എന്നാല്‍ പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പഞ്ചായത്തില്‍ ലഭിക്കാന്‍ കാലതാമസം വന്നതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വന്നതെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.
അതേ സമയം ഒരു വര്‍ഷത്തിനിടയില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ 19 വാര്‍ഡുകളിലാണ് 32 ചെറുകിട കുടിവെള്ള പദ്ധതികള്‍ പഞ്ചായത്ത് ആവിഷ്‌കരിച്ചത്. ഡെപ്പോസിറ്റ് സ്‌കീമില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പഞ്ചായത്ത് അധികൃതര്‍ 30ലക്ഷം രൂപ ട്രഷറിയില്‍ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ പ്രവൃത്തിയുടെ എസ്റ്റിമേറ്റും അനുബന്ധ രേഖകളും തയാറാക്കി നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ കാലതാമസം വരുത്തിയതാണ് പദ്ധതി പ്രവര്‍ത്തനത്തില്‍ നിന്നും പിന്‍മാറാന്‍ കാരണമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ വാദം. അതേ സമയം സ്ഥിരമായി അസിസ്റ്റന്റ് എന്‍ജിനിയറും ഓവര്‍സിയറും ഇല്ലാത്ത പഞ്ചായത്തിലെങ്ങനെയാണ് സമയബന്ധിതമായി പദ്ധതി രേഖ സമര്‍പ്പിക്കുവാന്‍ കഴിയുകയെന്നാണ് പഞ്ചായത്ത് ജീവനക്കാര്‍ പറയുന്നത്.
വരള്‍ച്ച രൂക്ഷമാവുകയും പഞ്ചായത്ത് പരിധിയിലെ നീര്‍ച്ചാല്‍, മാന്യ, ഉക്കിനടുക്ക, ധര്‍ബത്തടുക്ക, കോട്ട, കിളിംഗാര്‍ ബെരിക്കെ, പട്ടാജെ, ബദിയഡുക്ക ടൗണ്‍, ഏവിഞ്ച, കാടമന, ബാറടുക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ള ക്ഷാമം അതീവ രൂക്ഷമായിട്ടുള്ളത്.
ഈ പ്രദേശങ്ങളിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നത്. പ്രരംഭഘട്ടത്തില്‍ കുഴല്‍ കിണറും പമ്പ് ഷെഡും നിര്‍മിക്കാനും ഈ സാമ്പത്തിക വര്‍ഷത്തില്‍ പൈപ്പ് ലൈന്‍ ഘടിപ്പിച്ച് കുടിവെള്ളം വിതരണം നടത്തുകയെന്നതായിരുന്നു പഞ്ചായത്ത് അധികൃതരുടെ ലക്ഷ്യം. എന്നാല്‍ പദ്ധതി പ്രവര്‍ത്തനത്തില്‍നിന്ന് വാട്ടര്‍ അതോറിറ്റി പിന്‍മാറിയതോടെ തീര്‍ത്തും പഞ്ചായത്ത് അധികൃതര്‍ വെട്ടിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."