ഡിജിറ്റല്‍ റേഷന്‍: വിതരണം ഇ-പോസ് മെഷിന്‍ വഴി
കണ്ണൂര്‍: റേഷന്‍ വിതരണം സുഗമവും സുതാര്യവുമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇ-പോസ്(ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍) മെഷിന്‍ വഴിയുളള റേഷന്‍ വിതരണം ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലും 10 മുതല്‍ ആരംഭിക്കും. റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ വിരലടയാളം ആധാറുമായി ബന്ധിപ്പിച്ച് റേഷന്‍ അനുവദിക്കുന്ന പദ്ധതിയാണ് ഇ-പോസ്. ആദ്യഘട്ടമെന്ന നിലയില്‍ കണ്ണൂര്‍ താലൂക്കിലെ 45 റേഷന്‍ കടകളില്‍ ഇ-പോസ് മെഷിന്‍ മുഖേനയുള്ള റേഷന്‍ വിതരണം മാര്‍ച്ച് മാസം മുതല്‍ ആരംഭിച്ചിരുന്നു. ജില്ലയിലെ ബാക്കി 813 റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ എത്തിക്കുകയും ജീവനക്കാര്‍ക്കും റേഷന്‍കട ലൈസന്‍സികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും ഇതുമായി ബന്ധപ്പെട്ട പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
'പകരക്കാര്‍ക്കും' റേഷന്‍
16നും 65നും വയസിന് ഇടയില്‍ പ്രായമുള്ള മറ്റ് അംഗങ്ങള്‍ ഉള്‍പ്പെടാത്ത, ഗുരുതര രോഗം ബാധിച്ചവരും ശയ്യാവലംബരുമായ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പകരക്കാരന്‍ (പ്രോക്‌സി) മുഖേന റേഷന്‍ സാധനം കൈപ്പറ്റാവുന്നതാണ്. ലൈസന്‍സിയുടെ ബന്ധുവല്ലാത്ത, അതേ റേഷന്‍ കടയിലെ മറ്റൊരു കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗത്തെ പ്രോക്‌സിയായി നിര്‍ദേശിക്കാം. ഇതിനായി കാര്‍ഡുടമയുടെ അപേക്ഷയ്‌ക്കൊപ്പം പ്രോക്‌സിയായി നിര്‍ദേശിക്കപ്പെടുന്ന വ്യക്തിയുടെ റേഷന്‍ കാര്‍ഡ് പകര്‍പ്പ്, ആധാര്‍ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ താലൂക്ക് സപ്ലൈ ഓഫിസില്‍ സമര്‍പ്പിക്കണം.
ഇ-റേഷന്‍ എങ്ങനെ
റേഷന്‍ കാര്‍ഡിലെ അംഗത്തിന്റെ വിരലടയാളം മെഷിനിലെ റീഡറില്‍ പതിപ്പിച്ച് ആധാര്‍ വിവരങ്ങള്‍ ഒത്തുനോക്കിയാണ് റേഷന്‍ വിതരണം നടത്തുന്നത്. ആധാര്‍ വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞാല്‍ കാര്‍ഡിന് അര്‍ഹമായ ഭക്ഷ്യധാന്യങ്ങളുടെ അളവ്, വില എന്നിവ യന്ത്രത്തിലെ സ്‌ക്രീനില്‍ തെളിയും. ആവശ്യമായ അളവ് രേഖപ്പെടുത്തി അംഗീകരിക്കുമ്പോള്‍ ബില്ല് പുറത്തേക്ക് വരും. റേഷന്‍ വിനിമയം സംബന്ധിച്ച് ശബ്ദരൂപത്തില്‍ അറിയിപ്പും ലഭിക്കും. ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ റേഷന്‍ വിഹിതം സംബന്ധിച്ച് എസ്.എം.എസ് സന്ദേശം ലഭിക്കാനും സംവിധാനമുണ്ട്.
ആധാര്‍ നിര്‍ബന്ധം
ഇ-പോസ് സംവിധാനം നിലവില്‍ വരുന്നതിനാല്‍ ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ നിര്‍ബന്ധമായും 10ന് മുമ്പ് അവ രണ്ടിന്റെയും പകര്‍പ്പുമായി താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
സമ്പൂര്‍ണ നിരീക്ഷണം
ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലേയും ഇടപാട് വിവരങ്ങള്‍ ഇ-പോസ് വിവരങ്ങള്‍ നെറ്റ്‌വര്‍ക്കിലൂടെ നിരീക്ഷിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് സാധിക്കും. റേഷന്‍ വിവതരണം സംബന്ധിച്ച ഇടപാടുകള്‍, സ്റ്റോക്ക് വിവരങ്ങള്‍ മുതലായവ പൊതുജനങ്ങള്‍ക്ക് നിരീക്ഷിക്കാനുളള സംവിധാനവും സിവില്‍ സപ്ലൈസ് വകുപ്പ് ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."