കുമാരപുരം ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: കലക്ടര്‍
ഹരിപ്പാട്: കുമാരപുരം ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ കളക്ടര്‍ വീണാ.എന്‍.മാധവന്‍ പറഞ്ഞു. കുമാരപുരം ഗ്രാമപഞ്ചായത്ത് കണക്ടിംഗ് കുമാരപുരം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. ജനകീയ പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ അംഗീകാരമാണ് കുമാരപുരത്തിന് ലഭിച്ച സ്വരാജ് പുരസ്‌കാരം. ഒരു തദ്ദേശ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഒരുപാട് മേഖലകളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കുമാരപുരത്ത് നടക്കുന്നു എന്നത് എല്ലാ മാസങ്ങളിലും ചേരുന്ന ജില്ലാതല അവലോകന യോഗങ്ങളില്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മെറ്റീരിയല്‍ വര്‍ക്ക് ജില്ലയില്‍ ഏറ്റവും അധികം ഏറ്റെടുത്ത ഗ്രാമപഞ്ചായത്തെന്ന നിലയില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. കണക്ടിംഗ് കുമാരപുരം സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രിത സമയത്ത് പഠനത്തിന് ഉതകുന്ന തരത്തിലാണെന്നത് പദ്ധതി ശ്രദ്ദേയമാക്കുന്നുവെന്നും വീണാ മാധവന്‍ പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് കുമാര്‍ അദ്ധ്യക്ഷനായി. ടച്ച് സ്‌ക്രീന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം രമ്യാ രമണന്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ റിവോള്‍വിംഗ് ഫണ്ട് വിതരണം വൈസ് പ്രസിഡന്റ് സിന്ധുമോഹനനും, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.സത്യപാലനും നിര്‍വ്വഹിച്ചു. സി.സി.ടി.വിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി സുദര്‍ശനന്‍ നിര്‍വ്വഹിച്ചു. സി.എസ് രഞ്ജിത്ത്, എല്‍.തങ്കമ്മാള്‍, ഡി.സുഗേഷ്, ഗ്‌ളമി വാലടിയില്‍, യു.ദിലീപ്, ബി.ദീപക്, എ.സന്തോഷ്, ലീലാ ബാലന്‍, ആര്‍.ബിജു, ടി.എന്‍ കൃഷ്ണന്‍കുട്ടി, ഒ.എ ഗഫൂര്‍, പ്രവീണ്‍, പി.എ ഗീവര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."