ഖത്തറില്‍ ഡ്രൈവിംഗ് ടെസ്റ്റിന് സ്മാര്‍ട്ട് കാറുകള്‍ ഏര്‍പ്പെടുത്തും
\ദോഹ: നിരീക്ഷണ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ ഇല്ലാതെ സ്വയം ഫലം തീരുമാനിക്കുന്ന സ്മാര്‍ട്ട് കാറുകള്‍ ഡ്രൈവിങ് ടെസ്റ്റിന് വേണ്ടി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍. ദര്‍ബ് അല്‍സാഇയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ജിസിസി ട്രാഫിക് വീക്കില്‍ ഇതിന്റെ മാതൃക പ്രദര്‍ശിപ്പിച്ചു.
സ്മാര്‍ട്ട് കാറുകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ ടെസ്റ്റ് ഫലത്തെക്കുറിച്ച് ട്രെയ്‌നികള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് പരിഹാരമാവുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ഖര്‍ജി പറഞ്ഞു.
നിലവില്‍ അന്തിമ റോഡ് ടെസ്റ്റിന് മേല്‍നോട്ടം വഹിക്കുന്നത് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം തന്നെയാണ് ടെസ്റ്റ് പാസായോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കുന്നതും. എന്നാല്‍, ഇപ്പോള്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന സ്മാര്‍ട്ട് കാറുകള്‍ പൊലിസുകാരന്റെ ഇടപെടല്‍ ഇല്ലാതെ ഡ്രൈവിങ് ടെസ്റ്റിന്റെ അന്തിമ ഫലം സ്വയം നല്‍കുമെന്ന് അല്‍ഖര്‍ജി പറഞ്ഞു. സ്മാര്‍ട്ട് കാര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. അത് വിജയകരമായി പൂര്‍ത്തിയായാല്‍ ഡ്രൈവിങ് ടെസ്റ്റിന് വേണ്ടി ഉപയോഗിച്ചു തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിന്റെ ഉപയോഗം, സിഗ്്‌നല്‍, വരി, പാര്‍ക്കിങ്, സ്പീഡ് മുതലായവയുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് മനസ്സിലാക്കാനുള്ള സെന്‍സറുകള്‍ സ്മാര്‍ട്ട് കാറില്‍ ഘടിപ്പിച്ചിട്ടുണ്ടാവും.
ഒരു സ്വകാര്യ കമ്പനിയാണ് സ്മാര്‍ട്ട് കാര്‍ വികസിപ്പിച്ചത്. ഓരോ ട്രെയ്‌നിയുടെയും വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് ഇതില്‍ ലഭ്യമായിരിക്കും. പരീക്ഷാ ഫലം നേരിട്ട് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റിന്റെ സിസ്റ്റത്തിലേക്ക് റെക്കോഡ് ചെയ്യാനും ഇതിനു സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."