ഇറാന്‍ ആണവ കരാറില്‍നിന്ന് യു.എസ് പിന്മാറി
വാഷിങ്ടണ്‍: ഇറാന്‍ ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു പ്രഖ്യാപനം നടത്തിയത്. തീരുമാനത്തില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ യൂറോപ്യന്‍ സഖ്യരാജ്യങ്ങള്‍ നടത്തിയ അവസാന ശ്രമവും പരാജയപ്പെടുകയായിരുന്നു.
പിന്മാറ്റം പ്രഖ്യാപിച്ച ട്രംപ് ഇറാനെതിരേ കനത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നും അറിയിച്ചു. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമേലും ഉപരോധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ''തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇത് ഒരിക്കലും ശാന്തിയും സമാധാനവും കൊണ്ടുവന്നിട്ടില്ല. കരാര്‍ അമേരിക്കയുടെ ദേശീയ സുരക്ഷയെ സംരക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടു. സിറിയ അടക്കം വിവിധ സ്ഥലങ്ങളില്‍ കുടിലമായ പ്രവര്‍ത്തനങ്ങളാണ് ഇറാന്‍ നടത്തുന്നത്''-ട്രംപ് പറഞ്ഞു.
2015ല്‍ ബരാക് ഒബാമയുടെ നേതൃത്വത്തിലാണ് ജോയിന്റ് കോംപ്രഹന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍(ജെ.സി.പി.എ) എന്ന പേരില്‍ ഇറാന്‍ ആണവ കരാര്‍ രൂപീകരിച്ചത്. ബ്രിട്ടന്‍, ജര്‍മനി, ചൈന, ഫ്രാന്‍സ്, റഷ്യ എന്നിവയാണ് കരാറില്‍ ഒപ്പുവച്ച മറ്റു രാജ്യങ്ങള്‍. കരാര്‍ പ്രകാരം ആണവ സമ്പുഷ്ടീകരണങ്ങളില്‍നിന്ന് ഇറാന്‍ പൂര്‍ണമായും പിന്‍വാങ്ങി. പകരം ഇറാനെതിരേ വിവിധ രാജ്യങ്ങള്‍ ചുമത്തിയിരുന്ന നയതന്ത്ര ഉപരോധം പിന്‍വലിക്കുകയും ചെയ്തു. അമേരിക്ക പിന്മാറിയാലും കരാറുമായി മുന്നോട്ടുപോകാനാണ് മറ്റു രാജ്യങ്ങളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."