ഇറോം ഷര്‍മിള അട്ടപ്പാടിയിലെത്തി
അഗളി: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വിശ്രമത്തിനായി കേരളത്തിലെത്തിയ മനുഷ്യാവകാശപ്രവര്‍ത്തകയും മണിപ്പൂരിന്റെ ഉരുക്കുവനിതയുമായ ഇറോംഷര്‍മിള അട്ടപ്പാടിയിലെത്തി. ഒരു മാസത്തെ വിശ്രമത്തിനായാണ് കേരളത്തിലെത്തിയത്.
അട്ടപ്പാടി മട്ടത്തുകാട്ടെ ശാന്തി ആശ്രമത്തിലെത്തിയ ഷര്‍മിള വിശ്രമകാലയളവില്‍ നാചുറോപതി ചികിത്സയും പരിശീലിക്കും. സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ബഷീര്‍ മാടാലയുടെ ക്ഷണം സ്വീകരിച്ചാണ് ഷര്‍മിള അട്ടപ്പാടിയിലെത്തിയത്. 16 വര്‍ഷത്തെ നിരാഹാര സമരവും ജയില്‍വാസവും കഴിഞ്ഞ് മണിപ്പൂര്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന ദയനീയ പരാജയം ഷര്‍മിളയെ മാനസികമായി അങ്ങേയറ്റം തളര്‍ത്തിയിരുന്നു.
ഇക്കാര്യം തന്നെയാണ് സുഹൃത്തായ ബഷീര്‍ മാടാലയോടു പങ്കുവെച്ചത്. ഇതേ തുടര്‍ന്ന് ബഷീര്‍ മാടാല അവരെ കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഇന്നലെ കാലത്ത് ആറിന് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ ഷര്‍മിളയെ അട്ടപ്പാടി പ്രസ് ക്ലബ് ഭാരവാഹികളായ ബഷീര്‍ മാടാല, അജിത് ഷോളയൂര്‍, ശാന്തി ആശ്രമം ഡയറക്ടര്‍ ഉമാ പ്രേമന്‍ ചേര്‍ന്ന് സ്വീകരിച്ചു.
എട്ടു മണിയോടെ സംസ്ഥാനാതിര്‍ത്തിയിലെത്തിയ ഷര്‍മിളയെ ആനക്കട്ടിയിലും വട്ട്‌ലക്കിയിലും ഡി.വൈ.എഫ്.ഐ, സി.പി.ഐ പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ് നല്‍കി.
ഷര്‍മിള ജന്മം നല്‍കിയ പ്രജപാര്‍ട്ടിയുടെ നേതാവും തന്റെ സന്തതസഹചാരിയുമായ നജീമ ബാബിയും ഷര്‍മിളയോടൊപ്പം എത്തിയിട്ടുണ്ട്.
ശാന്തിഗ്രാമത്തില്‍ ഷര്‍മിളയുടെ 45ാം ജന്മദിനാഘോഷവും ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.
തന്നോടു സ്‌നേഹം കാണിക്കുന്ന മലയാളികളോട് അവര്‍ സ്‌നേഹവും നന്ദിയും അറിയിച്ചു. സ്വീകരണങ്ങള്‍ക്ക് അട്ടപ്പാടിയിലെ മാധ്യമപ്രവര്‍ത്തകരോടൊപ്പം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, ഷോളയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. രവി, സി.പി.ഐ മണ്ഡലം സെക്രട്ടറി സി. രാധാകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ നേതാക്കളായ എന്‍ ജംഷീര്‍, രാജേഷ്, സുധാകരന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."