വിശ്വാസികളെ വരവേല്‍ക്കാന്‍ വിശുദ്ധ ഗേഹങ്ങള്‍ ഒരുങ്ങി
ജിദ്ദ: റമദാനില്‍ വിശുദ്ധ ഗേഹങ്ങളിലെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ഇരുഹറം കാര്യാലയത്തിന് കീഴിലെ സേവന വകുപ്പുകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഹറം മന്ത്രാലയം അറിയിച്ചു.
പുണ്യ മാസത്തില്‍ ഹറം മസ്ജിദിലേക്കുള്ള 210 കവാടങ്ങളും മുഴുവന്‍ സമയവും തുറന്നിടും. നിലവില്‍ 68 കവാടങ്ങളാണു തുറന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും വികലാംഗര്‍ക്ക് മാത്രമായി ഇരുപതോളം കവാടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
ഹറമിനുള്ളിലെ തീര്‍ഥാടകരുടെ തിരക്കിന്റെ തോത് പുറത്തുള്ള തീര്‍ഥാടകരെ അറിയിക്കാന്‍ കവാടങ്ങളില്‍ ചുവപ്പും പച്ചയും നിറങ്ങളിലുള്ള ലൈറ്റുകളുള്ള ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് കോണികളും നിര്‍മിച്ചിട്ടുണ്ട്.ഉന്തുവണ്ടികള്‍ക്കായി പ്രത്യേക വഴിയും സ്ത്രീകള്‍ക്ക് മാത്രമായുള്ള ഏരിയകളും തയാറാക്കിയിട്ടുണ്ട്.
അതേ സമയം കുറ്റമറ്റ സുരക്ഷ, നിരീക്ഷണ സംവിധാനങ്ങളോടും ലോകോത്തര നിലവാരത്തോടും ഏറ്റവും മികച്ച രീതിയിലുമാണ് വികസനം നടപ്പാക്കുന്നത്. തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇവരുടെ സേവനത്തിനായി അധികമായി 10,000ത്തിലധികമായി പുരുഷ- സ്ത്രീ ഉദ്യോഗസ്ഥരെ നിയമിച്ചിതായി ഹറം മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസി അറിയിച്ചു. മസ്ജിദുല്‍ ഹറാമിലെ തറാവീഹ് സമസ്‌കാരം തത്സമയം കാണുന്നതിന് എട്ട് വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചു.
മക്ക പ്രവേശന കവാടങ്ങള്‍ക്കടുത്തും തിരക്കേറിയ സ്ഥലങ്ങളിലും മാര്‍ഗദര്‍ശനത്തിന് മാത്രമായി സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
സിവില്‍ ഡിഫന്‍സ്, ഇരുഹറം കാര്യാലയം, ഹറം പൊലിസ് എന്നിവക്ക് കീഴില്‍ സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ റമദാനില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്.
10 ദശലക്ഷം തീര്‍ഥാടകരെയാണ് ഈ വര്‍ഷത്തെ റമദാനില്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."