മഴക്കാലത്തിനു മുന്‍പ് രോഗ നിയന്ത്രണത്തിനു കര്‍മപദ്ധതികളുമായി നഗരസഭ
വടകര: മഴക്കാലത്തിനു മുമ്പ് രോഗ നിയന്ത്രണ യജ്ഞവുമായി വടകര നഗരസഭ. ഇതിനായി ഒട്ടേറെ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ചെയര്‍മാന്‍ കെ. ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മഴക്കാലം പനിക്കാലമായി മാറാതിരിക്കാന്‍ മഴയെത്തും മുന്‍പേ രോഗ നിയന്ത്രണയജ്ഞം ആരംഭിച്ചതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും 20നു പൊതു ശുചീകരണം നടത്തും. വ്യാപാര സ്ഥാപനങ്ങളിലെയും പരിസരങ്ങളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ബുധനാഴ്ച ഉച്ചവരെ കടകളടച്ച് വ്യാപാരികള്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. കുടുംബശ്രീകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും ഭാരവാഹികള്‍, ഓഫിസ് മേലധികാരികള്‍ എന്നിവര്‍ യോഗം ചേര്‍ന്ന് പൊതുസ്ഥലങ്ങളും ഓഫിസും പരിസരവും 20നു ശുചീകരിക്കും.
നഗരസഭ തൊഴിലാളികള്‍ ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ എല്ലാ വ്യാഴാഴ്ചകളിലും പൊതുശുചീകരണം നടത്തി വരുന്നതായി ചെയര്‍മാന്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തിലുള്ള ജാഗ്രത സമിതികള്‍ എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡേ ആചരിച്ചു വരികയാണ്. കഴിഞ്ഞ മഴക്കാലത്ത് പകര്‍ച്ചപ്പനിക്കു പുറമേ രണ്ടു മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തവണ അത്തരം രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഠിന ശ്രമമാണ് നടക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളില്‍ രോഗസാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കല്‍ ക്യാംപും രക്തപരിശോധനയും ഇതിനകം നടത്തി.
ഇവരുടെ താമസസ്ഥലത്തെ ശുചിത്വ നിലവാരം ഉറപ്പു വരുത്താന്‍ കെട്ടിട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധനയും ആവശ്യമെങ്കില്‍ നിയമനടപടിയും സ്വീകരിക്കും. ഓടകളില്‍ മലിനജലം ഒഴുക്കുന്ന പ്രവണത പല സ്ഥാപനങ്ങളും തുടര്‍ന്നുവരുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മഴക്കാലപൂര്‍വ ശുചീകരണത്തില്‍ മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജിത്ത്, ബാബു പങ്കെടുത്തു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."