നഗരത്തിലെ പ്രധാന റോഡിനു കുറുകെ ആദ്യ മേല്‍പ്പാലം ഈ വര്‍ഷം
തിരുവനന്തപുരം: നഗരത്തിലെ പ്രധാന റോഡിനു മുകളിലൂടെ ആദ്യ നടപ്പാത ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ സുപ്രഭാതത്തോടു പറഞ്ഞു. തന്റെ സ്വന്തം വാര്‍ഡായ വഴുതക്കാടുള്ള കോട്ടണ്‍ഹില്‍ സ്‌കൂളിനു മുന്‍വശത്താണ് കാല്‍നടക്കാര്‍ക്കായുള്ള ഫുട് ഓവര്‍ ബ്രിഡ്ജ് വരുന്നത്. ബജറ്റില്‍ മറ്റു നാലിടങ്ങളില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആ വാര്‍ഡുകളില്‍ സ്ഥലമേറ്റെടുപ്പും മറ്റു പ്രശ്‌നങ്ങളും തടസമാകുമെന്നതിനാലാണ് സ്വന്തം വാര്‍ഡില്‍ ആദ്യം ഫുട് ഓവര്‍ ബ്രിഡ്ജ് നടപ്പാക്കുന്നതെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളാണ് കോട്ടണ്‍ഹില്‍. കുട്ടികള്‍ സ്‌കൂളിലേക്ക് റോഡു മുറിച്ചു കടക്കുന്നത് സ്ഥിരമായി അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്. അപകടകരമായ ഈ സ്ഥതി മാറ്റുന്നതിനു കൂടി പുതിയ പദ്ധതി ഉപകരിക്കും. ഇതിനായി ബജറ്റില്‍ രണ്ടുകോടി രൂപയാണ് വകയിരുത്തിയത്. 40 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. നിര്‍മാണ കമ്പനിയെയും കണ്ടെത്തിയിട്ടുണ്ട്. കമ്പനി ഏതെന്ന് വെളിപ്പെടുത്താന്‍ ഡെയ്പൂട്ടി മേയര്‍ തയാറായില്ല. എന്നാല്‍, പദ്ധതി നടപ്പാക്കുന്ന കമ്പനി കേരളത്തില്‍ തന്നെയുള്ളതാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കുമെന്നും അവര്‍ ഉറപ്പു നല്‍കുന്നു. ശ്രീകാര്യം, പട്ടം, മെഡിക്കല്‍ കോളജ്. പേരൂര്‍ക്കട എന്നിവിടങ്ങളിലാണ് മറ്റ് ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കാന്‍ ബജറ്റില്‍ തുക വക കൊള്ളിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."