കോണ്‍ഗ്രസിന് ഘടനാപരമായ മാറ്റങ്ങള്‍ വേണം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബി.ജ.പി പണക്കൊഴുപ്പുകൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് ഘടനാപരമായ മാറ്റങ്ങള്‍ വേണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച ഫലം പുറത്തുവന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തില്‍ തങ്ങളും രണ്ടെണ്ണത്തില്‍ ബി.ജെ.പിയുമാണു വിജയിച്ചത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മാത്രമാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് സൂക്ഷ്മമായി പരിശോധിച്ചാല്‍ പ്രാദേശിക നേതാക്കളാണു നയിച്ചതെന്നു മനസിലാക്കാം.
അതുകൊണ്ടാണ് കോണ്‍ഗ്രസിന് പഞ്ചാബില്‍ വിജയിക്കാനായത്. കോണ്‍ഗ്രസ് പ്രതിപക്ഷത്താണു നില്‍ക്കുന്നത്. ഉയര്‍ച്ചകളും താഴ്ചകളും സ്വാഭാവികമാണ്.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് താഴേക്കുപോയെന്ന കാര്യം അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തങ്ങളുടെ പോരാട്ടം ബി.ജെ.പിയുടെ ആദര്‍ശത്തോടാണ്. അതേ ആദര്‍ശം ഉപയോഗിച്ചാണ് ബി.ജെ.പി ഗോവയിലും മണിപ്പൂരിലും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ കനത്ത പരാജയത്തെ തുടര്‍ന്ന് മൂന്നുദിവസത്തിനുശേഷമാണ് രാഹുല്‍ പ്രതികരിക്കുന്നത്.
ഇന്നലെ പാര്‍ലമെന്റ് വളപ്പില്‍ വച്ചാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."