മൂക്കുപൊത്തി ഞാണങ്കൈ.. :പാതയോരത്ത് തള്ളുന്നത് അറവുമാലിന്യം മുതല്‍ മദ്യക്കുപ്പികള്വരെ
ചെറുവത്തൂര്‍: ഞാണങ്കൈ ദേശീയപാതയോരത്ത് മാലിന്യം തള്ളല്‍ വ്യാപകം. ഇരുട്ടിന്റെ മറവില്‍ അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ തള്ളുന്നത്. ഇത് പ്രദേശവാസികളെയും വാഹനയാത്രക്കാരെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
ചാക്ക് കെട്ടുകളിലാക്കിയാണ് മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നത്. ചെറുവത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയതിനെ തുടര്‍ന്ന് ഇടക്കാലത്ത് അല്പം ആശ്വാസമുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളിയിരിക്കുകയാണ്.
കൂടാതെ ഇവിടെ തള്ളുന്ന മാലിന്യങ്ങള്‍ പക്ഷികള്‍ കൊത്തിവലിച്ച് സമീപത്തെ വീട്ടുകിണറുകളില്‍ നിക്ഷേപിക്കുന്നത് പതിവാണ്. മട്ടലായി മുതല്‍ ഞാണങ്കൈ വരെയുള്ള ഭാഗത്ത് മാലിന്യം തള്ളല്‍ പതിവായതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ മാലിന്യം തള്ളരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് പഞ്ചായത്ത് അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും മുഖ വിലയ്ക്കെടുക്കാതെയാണ് ഇവിടെ മാലിന്യം തള്ളുന്നത്.
ഇടക്ക് പാതയോര കൃഷി ആരംഭിച്ചപ്പോള്‍ ജെ.സി.ബി കൊണ്ട് മണ്ണ് നീക്കി ഇവിടെയും കൃഷി ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ല. കാട് വെട്ടിത്തെളിച്ചതിനാല്‍ കുറച്ചു കാലം മാലിന്യം തള്ളുന്നത് നിലച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."