1,740 കോടി രൂപയുടെ വ്യാപാരം: റെക്കോര്‍ഡ് നേട്ടവുമായി കാംപ്‌കോ
കാസര്‍കോട്: മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും കേരളത്തിലും കര്‍ണാടകത്തിലും നിരവധി ബ്രാഞ്ചുകളുള്ളതുമായ സഹകരണ സ്ഥാപനമായ കാംപ്‌കോ 2017-18 വര്‍ഷത്തില്‍ 1,740 കോടി രൂപയുടെ വിറ്റുവരവുനേടി റെക്കോര്‍ഡ് നേട്ടം കൈവരിച്ചതായി ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടക്ക, കൊക്കോ, കരുമുളക് സംഭരണത്തിനൊപ്പം ചോക്ലേറ്റ് നിര്‍മാണവുമാണ് കാംപ്‌കോ ചെയ്യുന്നത്. കാംപ്‌കോയുടെ ചരിത്രനേട്ടത്തിന് ചുക്കാന്‍ പിടിച്ച കര്‍ഷകരെ ഭരണസമിതി അനുമോദിച്ചു.
1453.11 കോടി രൂപയുടെ 52,450,11 മെട്രിക് ടണ്‍ അടക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാംപ്‌കോ സംഭരിച്ചത്. ചോക്ലേറ്റ് ഫാക്ടറിയുടെ മൊത്തം ഉല്‍പാദനമായ 13,685 മെട്രിക് ടണ്ണില്‍ 8,089 മെട്രിക് ടണ്‍ സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ചു.
പുത്തൂര്‍ ചോക്ലേറ്റ് ഫാക്ടറിക്കുള്ളില്‍ 13 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച നാല് നിലയുള്ള അമിനിറ്റി ബില്‍ഡിങ് കഴിഞ്ഞ 21ന് തുറന്ന് പ്രവര്‍ത്തനം തുടങ്ങി. അന്താരാഷ്ട്ര ഗുണനിലവാരവും ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും അനുസരിച്ചാണ് ഈ സൗധം നിര്‍മിച്ചിരിക്കുന്നത്.
കുരുമുളകിന്റെ സംസ്‌കരണത്തിനും പാക്കിങ്ങിനുമായി ഭാരതീയ സുഗന്ധവ്യജ്ഞന കേന്ദ്രവുമായി കരാറില്‍ ഏര്‍പ്പെട്ടതായും ഭാരവാഹികള്‍ അറിയിച്ചു.
16ന് ഉജ്രയിലെ എസ്.ഡി.എം എന്‍ജിനീയറിങ് കോളജില്‍ അടയ്ക്കാതോട്ടത്തില്‍ തേനീച്ച കൃഷി നടപ്പാക്കുന്നതിനെ കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതി പ്രസിഡന്റ് എസ്.ആര്‍ സതീഷ് ചന്ദ്ര, വൈസ് പ്രസിഡന്റ് ശങ്കരനാരായണ ഭട്ട്, ഡയരക്ടര്‍ കെ. സതീഷ് ചന്ദ്ര ഭണ്ഡാരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."