ജനകീയ കൂട്ടായ്മയില്‍ ജലവിതരണത്തിന് ഏഴു വര്‍ഷം; കീഴാറ്റൂര്‍ സമഗ്ര കുടിവെള്ള പദ്ധതി മാതൃകയാകുന്നു
പട്ടിക്കാട്: ഏഴു വര്‍ഷമായി ജനകീയ കൂട്ടായ്മയില്‍ ജലവിതരണം നടത്തി മാതൃകയാകുകയാണ് കീഴാറ്റൂര്‍ സമഗ്ര കുടിവെള്ള പദ്ധതി. 2010ല്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം വര്‍ഷങ്ങളായി 24 മണിക്കൂറും ഗുണഭോക്താവിനു വെള്ളമെത്തിക്കാനാകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
വെള്ളിയാറില്‍ മണിയാണീരിക്കടവ് പാലത്തിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ പദ്ധതി വി. ശശികുമാര്‍ എം.എല്‍.എ ആയിരിക്കേയാണ് യാഥാര്‍ഥ്യമാക്കിയത്. തുടര്‍ന്നു കക്ഷിരാഷ്ട്രീയത്തിനതീതമായി രൂപീകരിച്ച ജനകീയ കമ്മിറ്റിയാണ് ജലവിതരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. കീഴാറ്റൂര്‍ പഞ്ചായത്തിലെ നാല്, ആറ്, എട്ട് വാര്‍ഡുകളിലായി നാനൂറിലേറെ കുടുംബങ്ങള്‍ക്കാണ് നിലവില്‍ പദ്ധതിയില്‍ കണക്ഷന് ഉള്ളത്.
എന്നാല്‍, കടുത്ത വേനലിനെ അതിജീവിക്കാന്‍ പാടുപെടുകയാണ് ഈ പദ്ധതി. പുഴയിലെ നീരൊഴുക്കു കുറഞ്ഞതോടെ പമ്പിങ് നിര്ത്തിവയ്ക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഭാരവാഹികള്‍. ഇതിനു പരിഹാരമായി പ്രദേശത്ത് ഒരു സ്ഥിരംതടയണ വേണമെന്ന ആവശ്യമാണ് ജനങ്ങള്‍ക്കുള്ളത്. വാര്ഡ്മെമ്പര് ഉള്‍പ്പെടെ 15 അംഗങ്ങളുള്ള കമ്മിറ്റിയിലെ നിലവിലെ ചെയര്മാന് പി. വിശ്വനാഥും കണ്‍വീനര്‍ പാറമ്മല്‍ കുഞ്ഞിപ്പയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."