ഇ-പോസ് മെഷീനുകള്‍ പണിമുടക്കുന്നു: വട്ടംകറങ്ങി ജീവനക്കാരും റേഷന്‍ കാര്‍ഡ് ഉടമകളും
കാസര്‍കോട്: റേഷന്‍ വിതരണം സുഗമമാക്കുന്നതിന് സജ്ജീകരിച്ച ഇ-പോസ് മെഷീനുകള്‍ പണിമുടക്കുന്നത് കാര്‍ഡ് ഉടമകളെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നു. ഇ-പോസ് മെഷീന്‍ ഓണ്‍ ആകാത്തതാണ് റേഷന്‍വിതരണം മുടങ്ങാന്‍ കാരണമാകുന്നത്.
ജില്ലയില്‍ കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്ക് പരിധികളിലെ റേഷന്‍ കടകളിലാണ് ഈമാസം ഒന്ന് മുതല്‍ ഇപോസ് മെഷീന്‍ മുഖേന റേഷന്‍ സാധങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. 11 മുതല്‍ മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ള റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ വഴി സാധനങ്ങള്‍ വിതരണം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇതിനിടയിലാണ് ഇ-പോസ് മെഷീന്‍ പണിമുടക്കാന്‍ തുടങ്ങിയത്.
റേഷന്‍കട കൃത്യസമയത്ത് തുറക്കുന്ന ജീവനക്കാര്‍ ഇ-പോസ് മെഷീന്‍ ഓണാക്കാന്‍ മണിക്കൂറുകളോളം പ്രയത്‌നിക്കേണ്ട അവസ്ഥയാണ്. മെഷീന്റെ സ്വിച്ച് ഓണ്‍ ചെയ്ത ശേഷം ജീവനക്കാരന്റെ രണ്ടുവിരലുകള്‍ സ്‌കാനിങ് ചെയ്യണം. ഇത് സെന്‍സര്‍ ചെയ്ത് ശരിയാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ മെഷീന്‍ പൂര്‍ണമായും ഓണ്‍ ആവുകയുള്ളൂ. എന്നാല്‍ ഇത് ശരിയായ രീതിയില്‍ ഓണ്‍ ആക്കാന്‍ സാധിക്കുന്നില്ലെന്നും നെറ്റ് വര്‍ക്കില്ലെന്നും കാത്തിരിക്കൂ എന്ന സന്ദേശമാണ് വരുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ഇതുമൂലം റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
അതേസമയം ഇന്നലെ ജില്ലയിലെ വിവിധ റേഷന്‍ കടകളില്‍ എത്തിയവര്‍ക്ക് ഇ-പോസ് മെഷീന്‍ പൂര്‍ണമായി ഓണ്‍ ആവാത്തതിനെ തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ സാധിച്ചില്ല.
അതേസമയം നല്ല നെറ്റ്‌വര്‍ക്ക് ലഭിക്കുന്ന സിം കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടും മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് റേഷന്‍കട ഉടമകള്‍ പറഞ്ഞു. റേഷന്‍ കടകളില്‍ സാധനങ്ങള്‍ ഇല്ലെന്ന പരാതികള്‍ പരിഹരിക്കപ്പെടുന്നതിനിടയിലാണ് ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇ-പോസ് മെഷീന്‍ കുരുക്കായി മാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."