നഗരമധ്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു, സംഭവം എറണാകുളത്ത്
കൊച്ചി: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി നവറോജി പുരയിടത്തില്‍ സുമയ്യ (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര വടക്കേ ചേന്നാട്ടുപറമ്പില്‍ സജീറി(32)നെ പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് 5 ഓടെ എറണാകുളം പാലാരിവട്ടം ചാത്തങ്ങാട് എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിന് സമീപമായിരുന്നു നഗരത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭാര്യയെ ആക്രമിച്ചശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച സജീറിനെ പൊലിസ് പിടികൂടുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയായിരുന്നു. പാലാരിവട്ടത്ത് ഒരു ലേഡിസ് ഹോസ്റ്റലില്‍ വാര്‍ഡനായി ജോലി നോക്കുകയായിരുന്നു മരിച്ച സുമയ്യ. ഇവരെ കാണാനെത്തിയ ഭര്‍ത്താവ് സജീര്‍ ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കൈയില്‍ കരുതിയ കത്തിയെടുത്തു കുത്തുകയായിരുന്നു. ഉടന്‍ തന്നെ സുമയ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെ നാളുകളായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ സുമയ്യ എറണാകുളം പാലാരിവട്ടത്തെ ഒരു ഹോസ്റ്റലിലും സജീര്‍ ആലപ്പുഴയിലുമായാണ് താമസിച്ചിരുന്നത്. ഇന്നലെ എറണാകുളത്തെത്തിയ സജീറും സുമയ്യയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നിന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നിലവിളി കേട്ട് ഓടിയെത്തിയവരാണ് സുമയ്യയെ ആശുപത്രിയിലെത്തിച്ചത്. സുമയ്യ വേറൊരാള്‍ക്കൊപ്പം പോയതാണ് ആക്രമിക്കാന്‍ കാരണമെന്ന് സജീര്‍ മൊഴി നല്‍കിയതായി പാലാരിവട്ടം പോലിസ് പറഞ്ഞു. പിണക്കം മാറി ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ഇന്നലെ ലോഡ്ജില്‍ താമസിച്ച ശേഷം ഇന്നു ഒരുമിച്ച് മടങ്ങാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനിടയില്‍ പിന്നീട് അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും തന്നെ സുമയ്യ അപമാനിച്ചെന്നും സജീര്‍ പറയുന്നു.
തുടര്‍ന്ന് സമീപത്തുള്ള കടയില്‍നിന്ന് കത്തി സംഘടിപ്പിച്ച് തിരിച്ചെത്തി കുത്തുകയായിരുന്നുവെന്നും സജീര്‍ പൊലിസിനോട് പറഞ്ഞു. ഇവര്‍ക്ക് നാലും ഏഴും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. കുട്ടികള്‍ സജീറിനൊപ്പമാണ് കഴിയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."