വാഹന പുക പരിശോധനാ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണമെന്നാവശ്യം
കൊച്ചി: വാഹന പുക പരിശോധനാകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിങ് സ്റ്റേഷന്‍സ് ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പുക പരിശോധന കേന്ദ്രങ്ങള്‍ കൃത്യതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വാഹനഉടമകളും കേന്ദ്രം നടത്തിപ്പുകാരും ശ്രദ്ധിക്കണം. കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഗുണനിലവാരവും കൃത്യതയും നിരന്തര നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്നും സര്‍ട്ടിഫിക്കറ്റുകള്‍ കൃത്രിമമായി ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.പി ബാബു പറഞ്ഞു. വ്യാജ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്ന കേന്ദ്രങ്ങളെയും കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തണം.
ഓട്ടോമൊബൈല്‍ റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഉപകരണങ്ങളാണ് പരിശോധനാ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത്. എട്ട് കമ്പനികളുടെ പരിശോധനാ ഉപകരണങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ഉള്ളത്. എന്നാല്‍ ഒരു കമ്പനി പോലും വില്‍പനാനന്തര സേവനം നല്‍കുന്നില്ല. പേരിന് പോലും ഒരു രജിസ്റ്റേര്‍ഡ് ഓഫിസ് ഇല്ലാത്ത കമ്പനികളും കൂട്ടത്തിലുണ്ട്. ഉപകരണങ്ങള്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കമ്പനികള്‍ അന്വേഷിക്കാറുപോലുമില്ല.
കേരളത്തിലെ ആയിരത്തോളം പരിശോധനാകേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഭൂരിപക്ഷവും രണ്ടോ മൂന്നോ കമ്പനികളുടേതാണ്. ശരിയായ കാലിബ്രെഷന്‍ ചെയ്താല്‍ മാത്രമേ കൃത്യമായ റിപ്പോര്‍ട്ട് ലഭിക്കൂ. എന്നാല്‍ ഇത് പലപ്പോഴും നടക്കുന്നില്ല. സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനായി വ്യാജ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനും ശരിയായ കാലിബ്രെഷന്‍ നടത്താതെ കാലിബ്രെഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുമെതിരേയും കമ്പനി ഉടമകള്‍ക്ക് രണ്ടു മാസം മുന്‍പ് താക്കീത് നല്‍കിയിരുന്നതായി ഭാരവാഹികള്‍ പറയുന്നു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉപകരണങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് കൃത്യമായ പരിശീലനം നല്‍കണം. സാമ്പത്തികലാഭമുണ്ടാക്കാന്‍ ഗുണമേന്മയില്ലാത്ത ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതും വ്യാജ സോഫ്റ്റ്‌വെയര്‍, കാലിബ്രെഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നത് കമ്പനികള്‍ അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിങ് സ്റ്റേഷന്‍സ് ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."